പ്രണയം നിരസിച്ചാല്‍ കൊന്നു കളയുക എന്നത് ക്രൂരവും നീചവുമായ മാനസികാവസ്ഥ; നിതിനയുടെ കൊലപാതകത്തില്‍ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പാല സെന്റ് മേരീസ് കോളജ് വിദ്യാര്‍ത്ഥിനി നിതിനയുടെ കൊലപാതകത്തില്‍ പ്രതികരിച്ച് മന്ത്രി വീണാ ജോര്‍ജ്. പ്രണയം നിരസിച്ചാല്‍ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. അതിനെ പ്രണയമെന്ന് വിളിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ പൊതുബോധം അനിവാര്യമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവര്‍ക്കുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കൗണ്‍സിലര്‍മാരുടെ സേവനവും കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇങ്ങനെയുള്ള പ്രശ്നങ്ങളിലോ ഭീഷണികളിലോ അകപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്റെ മിത്ര 181 ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാവുന്നതാണ്. പൊലീസിന്റെയും നിയമപരമായിട്ടുള്ളതുമായ സഹായവും വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രണയം നിരസിച്ചാൽ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാസ്ഥയാണ്. പ്രണയമെന്ന് അതിനെ വിളിക്കാൻ കഴിയില്ല അതിശക്തമായ ഒരു പൊതുബോധം, യുവതയുടെ പൊതുബോധം അങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് അനിവാര്യമാണ്.

സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് സമീപ കാലഘട്ടത്തിൽ. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കൗൺസിലർമാരുടെ സേവനവും കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങളിലോ ഭീഷണികളിലോ അകപ്പെടുന്ന പെൺകുട്ടികൾക്ക് വനിത ശിശുവികസന വകുപ്പിന്റെ മിത്ര 181 ഹെൽപ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്. പോലീസിന്റെയും നിയമപരമായിട്ടുള്ളതുമായ സഹായവും വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കുന്നതാണ്’.

Exit mobile version