‘രണ്ട് ദിവസത്തിനകം പുറത്തിറങ്ങും, ശേഷം കാണിച്ചു തരാം’ കസ്റ്റഡിയില്‍ ഇരുന്നും മോന്‍സണിന്റെ ഭീഷണി, പരാതിക്കാരുടെ വെളിപ്പെടുത്തല്‍

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലിരുന്നും ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരുടെ വെളിപ്പെടുത്തല്‍. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും പോലീസുകാര്‍ക്കു മുന്നിലിരുന്നു വെല്ലുവിളിച്ചുവെന്നു പരാതിക്കാരില്‍ ഒരാളായ യാക്കൂബ് ആരോപിച്ചു

പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പേരും ബന്ധവും പറഞ്ഞാണ് മോന്‍സണിന്റെ ഭീഷണിയെന്നും അതിനായി പോലീസുകാരെത്തന്നെ ഉപയോഗിക്കുകയാണെന്നും യാക്കൂബ് വെളിപ്പെടുത്തുന്നു.

തട്ടിപ്പുകേസില്‍ താന്‍ അറസ്റ്റിലായത് മോന്‍സണിനെ സംബന്ധിച്ച് ഒരു പ്രശ്‌നമേയല്ലെന്നും വിദേശരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു കിടക്കുന്ന വലിയ മാഫിയയുടെ ഭാഗമാണ് മോന്‍സനെന്നും ബോളിവുഡ് സിനിമ സ്‌റ്റൈലിലാണ് മോന്‍സന്റെ പ്രവര്‍ത്തനമെന്നും യാക്കൂബ് വ്യക്തമാക്കി.

പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സണ്‍ തട്ടിപ്പ് നടത്തി വന്നത്. തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. മോന്‍സണിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ വന്നുകൊണ്ടിരിക്കുകയാണ്.

Exit mobile version