പുരാവസ്തുക്കൾ മാത്രമല്ല തള്ള്; പാസ്‌പോർട്ടില്ലാതെ പ്രവാസി സംഘടനയുടെ തലപ്പത്ത്; നൂറ് രാജ്യങ്ങൾ സന്ദർശിച്ചെന്ന മോൻസൺ മാവുങ്കലിന്റെ വാദവും പച്ചക്കള്ളം

കൊച്ചി: പ്രമുഖ വ്യക്തികളെ ഉൾപ്പടെ പുരാവസ്തുക്കളെന്ന് പറഞ്ഞ് കാണിച്ചത് മാത്രമല്ല വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയെന്ന മോൻസൺ മാവുങ്കലിന്റെ വാദവും പച്ചക്കള്ളമെന്ന് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് മോൻസൻ മാവുങ്കൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പാസ്‌പോർട്ടില്ലാെതയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോൻസൺ മൊഴി നൽകി.

അതേസമയം, മോൻസൺ മാവുങ്കൽ നാല് കോടി വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വാങ്ങിയതിലേറെയും പണമായി. സഹായികളുടെ അക്കൗണ്ടിലും നിക്ഷേപിച്ചു. സഹായികളുടെ അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കും. ക്രൈംബ്രാഞ്ച് മോൻസന്റെ ശബ്ദ സാംപിൾ ശേഖരിക്കും.

ഇയാൾ പണം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനാണിത്. മോൻസനെതിരെ കൂടുതൽ കേസുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്യും. നേരത്തെ മോൻസന്റെ വീട്ടിൽ വനംവകുപ്പ് നടത്തിയ പരിശോധനയിൽ ആനക്കൊമ്പ് എന്ന പേരിൽ പ്രദർശിപ്പിച്ചിരുന്നത് ഒട്ടകത്തിന്റെ എല്ലാണെന്നു കണ്ടെത്തിയിരുന്നു. അപൂർവമായ ശംഖ് ശേഖരവും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version