5 വര്‍ഷം മുന്‍പ് പണിത രണ്ടുനില വീട്; ഇപ്പോള്‍ ശബ്ദവും പ്രകമ്പനവും! തറയിലെ പാത്രത്തില്‍ വെള്ളം വെച്ചാല്‍ തുളുമ്പും; ഉറക്കം നഷ്ടപ്പെട്ട് ബിജുവിന്റെ കുടുംബം

കോഴിക്കോട്: വീടിനുള്ളില്‍ ഒരു ദിവസം പോലും സമാധാനത്തോടെ ജീവിക്കാന്‍ കഴിയാതെ ഓരോ ദിനവും തള്ളി നീക്കുകയാണ് പോലൂര്‍ സ്വദേശി ബിജുവും കുടുംബവും. വീടിനുള്ളില്‍ ഇടയ്ക്കിടെ ശബ്ദം കേള്‍ക്കുന്നതും പ്രകമ്പനം ഉണ്ടാകുന്നതാണ് കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്.

സംഭവം അറിഞ്ഞ്, അഗ്‌നിശമനസേനയും ജിയോളജി വിഭാഗവും പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. അഞ്ചുവര്‍ഷം മുന്‍പാണ് ബിജു ഇരുനില വീട് നിര്‍മിച്ചത്. അന്നുമുതല്‍ കുടുംബമായാണു താമസം. രണ്ടാഴ്ച മുന്‍പ് മുതലാണ് രാത്രി ഇടയ്ക്കിടെ വീടിനുള്ളില്‍ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ടുതുടങ്ങിയത്.

പകലും ഈ ശബ്ദം ഉണ്ടായതോടെ അഗ്‌നിശമനസേനയെ അറിയിച്ചു. തറയില്‍ പാത്രത്തില്‍ വെള്ളം വച്ചാലും ഇടയ്ക്കിടെ തുളുമ്പും. അഗ്‌നിശമനസേനയെത്തി വീടിന്റ ഉള്ളിലും പുറത്തും പരിശോധിച്ചെങ്കിലും കാര്യമായൊന്നും ശ്രദ്ധയില്‍പെട്ടില്ല. അഗ്‌നിശമനസേനയുടെ ആവശ്യപ്രകാരം ജില്ലാ ജിയോളജിസ്റ്റും മണ്ണ് പരിശോധന വിഭാഗം മേധാവിയും വീട്ടിലെത്തി. വീടിന് ബലക്ഷയമില്ലെന്നും തല്‍ക്കാലം മാറി താമസിക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു പറഞ്ഞു. എങ്കിലും ഭീതിയിലാണ് കുടുംബം.

Exit mobile version