നാര്‍ക്കോട്ടിക് ജിഹാദ്: എല്ലാത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട കാര്യമില്ല; സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്; സുരേഷ് ഗോപി എംപി

കൊച്ചി: പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് നല്ല ബുദ്ധിയുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ നന്നായി മനസ്സിലാവുന്നുണ്ട്, സര്‍ക്കാര്‍ തീരുമാനം രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും സുരേഷ് ഗോപി എംപി കട്ടപ്പനയില്‍ പറഞ്ഞു. എല്ലായ്പ്പോഴും സര്‍ക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനെ പിന്തുണച്ചാണ് സുരേഷ് ഗോപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version