വെറുതെ കൊടുത്താല്‍ പോലും വാങ്ങാന്‍ ആളില്ല, പഴങ്ങള്‍ കൊഴിഞ്ഞ് വീണു നശിക്കുന്നു; നിപ്പ തകര്‍ത്തത് റംബൂട്ടാന്‍ കര്‍ഷകരെ! ദുരിതം

rambuttan cultivation | Bignewslive

കട്ടപ്പന: വര്‍ഷങ്ങള്‍ക്കു ശേഷം നിപ്പ ബാധിച്ച് 12 വയസുകാരന്‍ മരിച്ചതോടെ ദുരിതത്തിലായത് റംബൂട്ടാന്‍ കര്‍ഷകരാണ്. നിപ വൈറസ് സാന്നിധ്യം റംബൂട്ടാനിലെന്ന വാര്‍ത്തകള്‍ എത്തിയതോടെയാണ് കര്‍ഷകരുടെ ജീവിതത്തിന് തിരിച്ചടിയായത്. മരിച്ച കുട്ടി റംബൂട്ടാന്‍ കഴിച്ചിരുന്നുവെന്നും നിപ്പ സാന്നിധ്യം പഴത്തിലോ എന്ന ചോദ്യങ്ങളും നിറഞ്ഞു. തുടര്‍ന്ന് പരിശോധനയ്ക്കായി പഴങ്ങളും ശേഖരിച്ചിരുന്നു. ഇതോടെ വില്‍പ്പനയിലും ഇടിവ് സംഭവിച്ചു.

ഇപ്പോള്‍, പറിച്ച് വില്‍ക്കാന്‍ കഴിയാത്തതിനാല്‍ പഴങ്ങള്‍ കൊഴിഞ്ഞു നശിക്കുകയാണ്. കൃഷിയിടങ്ങളില്‍ പലയിടത്തും റംമ്പൂട്ടാന്‍ പഴുത്ത് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതോടെ പഴക്കടക്കാര്‍ കച്ചവടം നിര്‍ത്തി. വാങ്ങാനാളില്ലാത്തതിനാല്‍ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍.

കഴിഞ്ഞ മാസം അവസാനം കിലോയ്ക്ക് 130 രൂപ വരെ വില നല്‍കാമെന്ന് കച്ചവടക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാലിപ്പോള്‍ വെറുതെ കൊടുത്താന്‍ പോലും വാങ്ങനാളില്ലെന്ന് ഇവര്‍ പറയുന്നു. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് റമ്പുട്ടാന്‍ കായ്ക്കുക. പരിപാലന ചെവല് കുറവായതിനാല്‍ ഇടവിളയായി ഇടുക്കിയില്‍ നിരവധി പേരാണ് റമ്പുട്ടാന്‍ കൃഷി ചെയ്യുന്നത്. മരങ്ങള്‍ നശിക്കാതിരിക്കാന്‍ പഴങ്ങള്‍ പറിച്ചു മാറ്റണം.

ഇതിനായി വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കര്‍ഷകരിപ്പോള്‍. കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ ഇത്തവണ നല്ല വിളവും കിട്ടി. ഒരു മരത്തില്‍ നിന്നും 250 കിലോയിലധികം പഴം കിട്ടേണ്ടതാണ്. എന്നാല്‍, ഇത്തവണ വില്‍ക്കാന്‍ കഴിയാത്തതിനാല്‍ പതിനായിരങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.

Exit mobile version