കടക്കെണി; ഏറെ നേരം കിണറ്റിനടുത്ത് ഇരുന്നു, പൊടുന്നനെ ചാടി! 100 അടിതാഴ്ചയുള്ള കിണറിന്റെ പടികളില്‍ തട്ടി ശിരസ് വേര്‍പെട്ടു, ദാരുണ മരണം

ചിറയിന്‍കീഴ്: 100 അടി താഴ്ചയുള്ള കിണറിലേയ്ക്ക് ചാടി ബേക്കറി വ്യാപാരി ജീവനൊടുക്കി. അഞ്ചുതെങ്ങ് വിളബ്ഭാഗത്തുവിളബ്ഭാഗം പന്തിയില്‍ വീട്ടില്‍ ഉണ്ണി എന്ന ബിജു(52)വാണ് കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. കിണറിന്റെ പടികളില്‍ തട്ടി മൃതദേഹത്തില്‍ നിന്നു വേര്‍പെട്ട ശിരസ് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ് ടീം എത്തിയാണ് വീണ്ടെടുത്തത്.

വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി നോക്കിയിരുന്ന ബിജു നാലുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് നാട്ടിലെത്തി വര്‍ക്കലയ്ക്കടുത്തു ബേക്കറി തുടങ്ങിയത്. കോവിഡ് മൂലം കടയുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ കടക്കെണിയിലാവുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടു നാലരയോടെയാണു സംഭവം നടന്നത്. അന്നും കടയില്‍ പോയി നേരത്തെ മടങ്ങി വീട്ടിലെത്തിയ ബിജു ഏറെ നേരം കിണറിന്റെ ചുറ്റുവരമ്പില്‍ ഇരുന്നശേഷം ചാടുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.

ഏറെ പഴക്കവും 100 അടിയിലേറെ താഴ്ചയുമുള്ള കിണറിനകത്തിറങ്ങിയ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ക്കു ശ്വാസതടസം അനുഭവപ്പെട്ടു. ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു. തുടര്‍ന്നു തിരുവനന്തപുരത്തുനിന്നു സ്‌കൂബ ടീം അംഗങ്ങളെത്തി മൃതദേഹം പുറത്തെടുത്തപ്പോള്‍ ഉടലില്‍ നിന്നു തല വേര്‍പെട്ട നിലയിലായിരുന്നു. രണ്ടാമതു നടത്തിയ തെരച്ചിലില്‍ ശിരസ്സ് കിണറിനുള്ളില്‍ നിന്നു കണ്ടെത്തി.

ഇടുങ്ങിയ പടികളില്‍ തട്ടി തലവേര്‍പെട്ടതാണെന്നാണു നിഗമനം. മോട്ടര്‍ ഉപയോഗിച്ചു വെള്ളം നീക്കം ചെയ്യാന്‍ ഫയര്‍ഫോഴ്‌സ് നടത്തിയ ശ്രമം ശക്തമായ ജലപ്രവാഹം മൂലം ഫലപ്രദമായില്ല. തുടര്‍ന്നാണ് മുങ്ങല്‍ വിദഗ്ധരെ വിളിച്ചത്. ഭാര്യ യമുന. മക്കളില്ല.

Exit mobile version