മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചതിന്റെ നഷ്ടപരിഹാരത്തുക വാങ്ങി മടങ്ങി വരുന്ന വഴി അമ്മ അപകടത്തില്‍ മരിച്ചു; മരണം മകന്റേതിനു സമാനമായ ബൈക്കപകടത്തില്‍!

മകന്റെ മരണത്തിന് ശേഷമുള്ള നഷ്ടപരിഹാര തുക വാങ്ങാന്‍ പോയതായിരുന്നു സതി.

അഞ്ചാലുംമൂട്: നാല് വര്‍ഷം മുന്‍പ് മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചതിന്റെ നഷ്ടപരിഹാരത്തുക വാങ്ങി മടങ്ങി വരുന്ന വഴിയ്ക്ക് വാഹനാപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം. പെരിനാട് വില്ലേജ് ജങ്ഷന് സമീപം ചിറയില്‍ വടക്കതില്‍ സുരേഷ്‌കുമാറിന്റെ ഭാര്യ സതി (49) ആണ് മരിച്ചത്. മകന്റെ അപകടത്തിന് സമാനമായ ബൈക്കപകടം തന്നെയാണ് മാതാവിന്റെയും ജീവനെടുത്തത്.

ഇവരുടെ മകന്‍ റനില്‍കുമാര്‍ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് നാല് വര്‍ഷം മുന്‍പ് ബൈക്കപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. തിരുവനന്തപുര പള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. മകന്റെ മരണത്തിന് ശേഷമുള്ള നഷ്ടപരിഹാര തുക വാങ്ങാന്‍ പോയതായിരുന്നു സതി.

പക്ഷേ തിരിച്ചു വരുമ്പോള്‍ ബൈക്കപകടത്തില്‍ സതിയും ലോകത്തോട് വിടപറയുകയായിരുന്നു. ആദ്യ ഗഡു വാങ്ങി മടങ്ങുമ്പോഴായിരുന്നു അപടകം. നാവായിക്കുളത്തുവെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ സതി വ്യാഴാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. സുരേഷ്‌കുമാറിന് നിസ്സാരപരിക്കു മാത്രമാണുണ്ടായത്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മകള്‍ രേഷ്‌ന.

Exit mobile version