നാര്‍ക്കോട്ടിക് എന്ന വൃത്തികെട്ട വാക്കുകളൊന്നും തന്റെ അടുത്ത് ഉപയോഗിക്കരുത്, തീവ്രവാദം എന്നു പറയുമ്പോഴേക്കും അത് ഞങ്ങളെയാണെന്ന് ഒരു മതവിഭാഗം പറഞ്ഞാല്‍ എന്ത് ചെയ്യാനാകും?; സുരേഷ് ഗോപി

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടി വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. പാലാ ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഒരു മതത്തെ പറ്റിയും ബിഷപ്പ് പരാമര്‍ശം നടത്തിയിട്ടില്ല. വിവിധ സാമൂഹിക വിഷയങ്ങളാണ് ബിഷപ്പ് ഉന്നയിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലാ ബിഷപ്പ് ഹൗസിലെത്തിയത്. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചുവെന്നും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ടതായ കാര്യങ്ങളല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

നാര്‍ക്കോട്ടിക് എന്ന വൃത്തികെട്ട വാക്കുകള്‍ ഒന്നും തന്റെ അടുത്ത് ഉപയോഗിക്കരുത്. അദ്ദേഹം വര്‍ഗീയ പരാമര്‍ശം ഒന്നും നടത്തിയിട്ടില്ല. തീവ്രവാദം എന്നു പറയുമ്പോഴെക്കും അത് ഞങ്ങളെയാണെന്ന് ഒരു മതവിഭാഗം പറഞ്ഞാല്‍ എന്ത് ചെയ്യാനാണെന്ന് സുരേഷ് ഗോപി ചോദിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. സല്യൂട്ട് നല്കുന്നതില്‍ രാഷ്ട്രീയ വിവേചനം പാടില്ലെന്നും പൊലീസ് അസോസിയേഷന്റെ നിലപാട് രാഷ്ട്രീയ വിവേചനമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

എംപിമാര്‍ക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ടോ?. ഈ വിഷയം വിവാദമാക്കിയത് ആരാണ്. ആ പൊലീസുകാരന് പരാതിയുണ്ടോ?. ഇത് വച്ച് അസോസിയേഷന്‍ വച്ച് രാഷ്ട്രീയം കളിക്കരുത്. ഇന്ത്യയില്‍ ഒരു സംവിധാനം ഉണ്ട്. അത് കേരളത്തിനും ബാധകമാണ് സല്യൂട്ട് അടിക്കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞതെന്നും സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ അവസാനിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version