ചേച്ചിയുടെ വരന്‍ അയര്‍ലണ്ടുകാരന്‍, അനുജന്റെ വധു ഹോങ്കോങ്ങുകാരി: പനഞ്ചിങ്കാട്ടില്‍ വീട്ടിലെ ‘അന്താരാഷ്ട്ര’ വിവാഹം

എരുമപ്പെട്ടി: കഴിഞ്ഞ ദിവസം തോട്ടുപാലം പനഞ്ചിങ്കാട്ടില്‍ വീട്ടിലെ പ്രിയങ്കയുടെയും പ്രണവിന്റെയും വിവാഹം ‘അന്താരാഷ്ട്ര’മായിരുന്നു. കാരണം വീട്ടിലേക്കെത്തിയ രണ്ട് മരുമക്കളും വിദേശികളാണ്.

ഞായറാഴ്ചയായിരുന്നു പനഞ്ചിങ്കാട്ടില്‍ വീട്ടില്‍ സുരേഷ് – മഞ്ജു ദമ്പതിമാരുടെ മക്കളുടെ വിവാഹം. മൂത്തമകള്‍ പ്രിയങ്ക അയര്‍ലന്‍ഡില്‍ സ്വകാര്യസ്ഥാപനത്തില്‍ ഫ്രയിറ്റ് അനലിസ്റ്റാണ്. അയര്‍ലന്‍ഡുകാരനായ സെലിന്റെയും സീമസിന്റെയും മകന്‍ വിക്ടര്‍ ഹോമറോയാണ് പ്രിയങ്കയുടെ വരന്‍. സൈബര്‍ സെക്യൂരിറ്റി സീനിയര്‍ കണ്‍സല്‍ട്ടന്റായ വിക്ടര്‍ ഇന്ത്യന്‍ ആത്മീയതയും ആചാരങ്ങളും ആഘോഷങ്ങളും ഭക്ഷണരീതികളും ഇഷ്ടപ്പെടുകയും പിന്തുടരുകയും ചെയ്യുന്നയാളാണ്.

ഇന്ത്യന്‍ വംശജരും ഹോങ്കോങ്ങില്‍ സ്ഥിരതാമസക്കാരുമായ ജ്യോതിയുടെയും അശ്വനിയുടെയും മകള്‍ ഖ്യാദിയെയാണ് പ്രണവ് ജീവിത പങ്കാളിയാക്കിയത്.
ലണ്ടനില്‍ പഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പ്രണവ് ആര്‍ക്കിടെക്ട് ആന്‍ഡ് ബില്‍ഡ് എന്‍വയോണ്‍മെന്റില്‍ ഗവേഷകനും ഖ്യാദി സൈക്കോളജിസ്റ്റുമാണ്.

ഞായറാഴ്ച രാവിലെ മങ്ങാട് പനഞ്ചിങ്കാട്ടില്‍ കുടുംബ ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിക്ടര്‍ ഹോമറോയും ഖ്യാദിയും മാത്രമാണ് വിദേശത്തുനിന്നും എത്തിയത്. വെസ്‌റ്റേണ്‍ റെയില്‍വേയിലെ മുന്‍ ചീഫ് പവര്‍ കണ്‍ട്രോളറായ സുരേഷ് 1989 മുതല്‍ മുംബൈയില്‍ സ്ഥിര താമസക്കാരനാണ്. അതുകൊണ്ടു തന്നെ ഞായറാഴ്ച രാത്രി ഉത്തരേന്ത്യന്‍ ചടങ്ങുകളും ആഘോഷങ്ങളും ഉണ്ടായിരുന്നു.

Exit mobile version