ചന്ദ്രന്‍പിള്ളയുടെ സങ്കടം കേട്ടു; സന്തതസഹചാരിയായ സൈക്കിള്‍ തിരികെ നല്‍കി കള്ളന്‍, സന്തോഷത്തില്‍ ഈ വയോധികന്‍

കാഞ്ഞിരപ്പള്ളി: 64കാരനായ ചന്ദ്രന്‍പിള്ളയുടെ സങ്കടത്തിന് അറുതിയായി. സന്തതസഹചാരിയായ സൈക്കിള്ഡ ചന്ദ്രന്‍പിള്ളയ്ക്ക് തന്നെ കള്ളന്‍ തിരികെ നല്‍കി. ചൊവ്വാഴ്ച മോഷണം പോയ സൈക്കിള്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ 4 കിലോമീറ്റര്‍ അകലെ ചിറക്കടവ് മൂന്നാം മൈലിനു സമീപം ആളൊഴിഞ്ഞ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതിനെ ആദ്യം ചന്ദ്രന്‍പിള്ള സ്ഥലത്തെത്തി തന്റെ സൈക്കിളാണെന്ന് ഉറപ്പിച്ചു. ഇതോടെ ചന്ദ്രന്‍പിള്ളയ്ക്കും മനസുനിറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് ചന്ദ്രന്‍പിള്ളയെ സൈക്കിള്‍ ഏല്‍പിച്ചു. മാധ്യമ വാര്‍ത്തകള്‍ കണ്ടു മോഷ്ടാക്കള്‍ ആളൊഴിഞ്ഞ സ്ഥലത്തു സൈക്കിള്‍ കൊണ്ടുവന്നു വച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

36 വര്‍ഷമായി ഒപ്പമുണ്ടായിരുന്ന സൈക്കിള്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ചന്ദ്രന്‍പിള്ള വിഴിക്കത്തോട്ടിലെ തന്റെ ഹോട്ടലിലേക്കു മടങ്ങിയത്. ഹോട്ടലിലേക്ക് ആവശ്യമായ വിറക്, വാഴക്കുല തുടങ്ങി എല്ലാ സാധനങ്ങളും എത്തിച്ചിരുന്നത് ഈ സൈക്കിളിലാണ്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണു ചന്ദ്രന്‍പിള്ളയുടെ ഹെര്‍ക്കുലിസ് സൈക്കിള്‍ മോഷണം പോയത്. വിഴിക്കിത്തോട് ജംക്ഷനില്‍ ശ്രീവിലാസം ഹോട്ടല്‍ നടത്തുന്ന ചന്ദ്രന്‍പിള്ള വിഴിക്കിത്തോട് – കുറുവാമൂഴി റോഡരികില്‍ സൈക്കിള്‍ വച്ച ശേഷം അടുത്തുള്ള റബര്‍ തോട്ടത്തില്‍ വിറകു ശേഖരിക്കാന്‍ പോയി. തിരിച്ചെത്തിയപ്പോഴാണ് സൈക്കിള്‍ നഷ്ടപ്പെട്ടത്. പിന്നാലെ തന്റെ സങ്കടം പങ്കുവെച്ചത്.

Exit mobile version