വഴി അറിയില്ല, ഗൂഗിള്‍ മാപ്പ് ഇട്ട് യാത്ര; വഴിതെറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു, ക്ലീനര്‍ക്ക് ദാരുണാന്ത്യം

അടിമാലി: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി വഴിതെറ്റി നിയന്ത്രണം വിട്ടു മറിഞ്ഞ് ക്ലീനര്‍ക്ക് ദാരുണാന്ത്യം. വാഹന ഉടമയായ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. എറണാകുളം കറുകുറ്റി എടക്കുന്ന് ആമ്പലശേരി സുബ്രന്‍ (51) ആണു മരിച്ചത്. ഡ്രൈവര്‍ നെടുവേലില്‍ ഡേവിസിനെ (42) കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം നടന്നത്.

രാജാക്കാട്ട് പുതുതായി ആരംഭിക്കുന്ന കറി പൗഡര്‍ യൂണിറ്റിലേക്കു യന്ത്രസാമഗ്രികളുമായി പോകുകയായിരുന്നു ലോറി. വഴി നിശ്ചയമില്ലാത്തതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു യാത്ര. അടിമാലിയില്‍ നിന്നു കല്ലാര്‍കുട്ടി വെള്ളത്തൂവല്‍ വഴിയാണ് രാജാക്കാട്ടേക്കു ദൂരം കുറഞ്ഞതും പ്രധാനപ്പെട്ടതുമായ റോഡ്. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ കാണിച്ചതാകട്ടെ, മൂന്നാര്‍ റോഡില്‍ രണ്ടാംമൈലില്‍ എത്തിയ ശേഷം തട്ടാത്തിമുക്ക്, ആനച്ചാല്‍ വഴിയുള്ള റോഡാണ്.

ഇതു വഴി വരുമ്പോള്‍ ആണ് തട്ടാത്തിമുക്കിനു സമീപം വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്. വാഹനത്തില്‍ നിന്നും ക്ലീനര്‍ തെറിച്ചു വീണു. ലോറിക്കുള്ളില്‍ നിന്നു ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണു സുബ്രന്‍ മരിച്ചത്.

Exit mobile version