‘ആ പ്രസ്താവന അത്യന്തം ഗൗരവകരം’; ‘ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്’ പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പൂര്‍ണപിന്തുണയുമായി ബിജെപി

തിരുവനന്തപുരം: പാലാ രൂപതാ ബിഷപ്പിന്റെ ‘ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്’ പരാമര്‍ശത്തെ പിന്തുണച്ച് ബിജെപിയും രംഗത്ത്. ബിജെപി മുന്‍ ജില്ലാ അധ്യക്ഷനും പുതുപ്പള്ളി നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്നു എന്‍ ഹരിയാണ് ബിഷപ്പിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

നാര്‍ക്കോട്ടിക് ലവ് ജിഹാദിന് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നു എന്ന പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന അത്യന്തം ഗൗരവകരമാണെന്നും കത്തോലിക്ക യുവാക്കളില്‍ മാത്രമല്ല ഹിന്ദു ക്രിസ്ത്യന്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും എന്‍ ഹരി പറഞ്ഞു.

എന്‍ ഹരിയുടെ വാക്കുകള്‍

നാര്‍ക്കോട്ടിക് ലവ് ജിഹാദിന് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നു എന്ന പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന അത്യന്തം ഗൗരവകരം. അടുത്ത കാലത്തായി കേരളത്തില്‍ പിടികൂടുന്ന മയക്കുമരുന്നുകളുടെ ബാഹുല്യം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറു കണക്കിന് കിലോ കഞ്ചാവും, വിപണിയില്‍ കോടികള്‍ വില വരുന്ന ഹാഷിഷ് പോലുള്ള മയക്കുമരുന്നുകളും എവിടെ നിന്നാണ് എത്തുന്നതെന്ന് അന്വഷണം നടത്താന്‍ പോലീസും രഹസ്യാന്വഷണ വിഭാഗവും തയാറാകണം.

ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വഷണം നടത്തണം. കത്തോലിക്ക യുവാക്കളില്‍ മാത്രമല്ല ഹിന്ദു ക്രിസ്ത്യന്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒരു ബിഷപ്പിന് പോലും ആശങ്കയുണ്ടായിട്ടും നമ്മുടെ നിയമ സംവിധാനം ഉറക്കം നടിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല.

ബിജെപിക്ക് മുമ്പ് ‘ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്’ പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചരണങ്ങളെ ചെറുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ല. വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Exit mobile version