അടുപ്പമുണ്ടായിരുന്ന യുവാവിനെ വിളിച്ചുവരുത്തി യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു; മരണം പുലർച്ചെ നാട്ടുകാരും വീട്ടുകാരും സാക്ഷിയായി നിൽക്കെ

വള്ളികുന്ന്: അടുപ്പമുണ്ടായിരുന്ന യുവാവിനെ ആത്മഹത്യാഭീഷണി മുഴക്കി വിളിച്ചുവരുത്തി ഭർത്തൃവീട്ടിൽ യുവതി തൂങ്ങിമരിച്ചനിലയിൽ. തെക്കേമുറി ആക്കനാട്ടുതെക്കതിൽ എസ് സതീഷിന്റെ ഭാര്യ സവിത(പാറു 24)യാണു മരിച്ചത്. സംഭവസമയത്ത് സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാർക്ക് മുന്നിൽവെച്ചാണ് സവിത വാതിലടച്ച് ആത്മഹത്യ ചെയ്തത്.

അതേസമയം, മരണത്തിൽ ദുരൂഹതയുള്ളതായി യുവതിയുടെ ബന്ധുക്കൾ പോലീസിനു മൊഴിനൽകി. മരണസമയത്ത് സ്ഥലത്തുണ്ടായിരുന്ന യുവാവ് ഒളിവിൽ പോയിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചേ ഒരുമണിയോടെയാണു സംഭവം.

രണ്ടരവർഷംമുൻപാണ് എരുവപടിഞ്ഞാറ് ആലഞ്ചേരിൽ സജു ഉഷാകുമാരി ദമ്പതിമാരുടെ മകൾ സവിതയെ ദുബായിൽ ജോലിചെയ്യുന്ന സതീഷ് വിവാഹംകഴിച്ചത്. പിന്നീട് സവിത മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കുപോയിരുന്നു. അവിടെ മണപ്പള്ളി സ്വദേശിയായ ഒരാളുമായി അടുപ്പത്തിലായി. ബുധനാഴ്ച രാത്രി കൈഞരമ്പു ചെറുതായി മുറിച്ചശേഷം ഇയാളെ ഫോണിൽവിളിച്ച് ആത്മഹത്യാഭീഷണി മുഴക്കി.

പിന്നാലെ അനുനയിപ്പിക്കാനായി യുവാവ് സവിതയുടെ വീട്ടിലേക്കുവന്നു. മുറ്റത്തുനിന്ന് ഇരുവരും ഏറെനേരം സംസാരിച്ചു. സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയപ്പോൾ കുട്ടിയും മുറ്റത്തിറങ്ങിയിരുന്നു.

ശേഷം, ഇരുവരുടേയും സംസാരം തർക്കത്തിലെത്തുകയും സവിത ദേഷ്യപ്പെട്ട് വീണ്ടും ആത്മഹത്യാഭീഷണി മുഴക്കി മുറിക്കുള്ളിലേക്കുകയറി വാതിലടക്കുകയുമായിരുന്നു. പരിഭ്രാന്തനായ യുവാവ് പുറത്തുനിന്നു ജനാലയിൽത്തട്ടി ബഹളമുണ്ടാക്കി. ഉറങ്ങിക്കിടന്ന സതീഷിന്റെ അമ്മ ബഹളം കേട്ടുണർന്നു. അയൽവാസികളും ഓടിയെത്തി. സവിത മുറി കുറ്റിയിട്ടിരുന്നു. തള്ളിത്തുറന്നു നോക്കിയപ്പോഴാണു ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നുമാണ് യുവതിയുടെ അച്ഛൻ സജു പോലീസിനു മൊഴിനൽകിയിരിക്കുന്നത്. വള്ളികുന്നം ഇൻസ്‌പെക്ടർ എംഎം ഇഗ്‌നേഷ്യസ്, വിരലടയാളവിദഗ്ദ്ധർ, ശാസ്ത്രീയ പരിശോധനാസംഘം എന്നിവർ തെളിവെടുത്തു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിമോർച്ചറിയിൽ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version