മുന്‍ കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു; കോണ്‍ഗ്രസ് ദുര്‍ബല പ്രസ്ഥാനമായി മാറിയെന്ന് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ ഏകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പ്രശാന്തിനെ സിപിഎമ്മിലേക്ക് സ്വീകരിച്ചു.

സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണ് സിപിഎമ്മിനൊപ്പം ചേര്‍ന്നത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടെ നിറവേറ്റും. ഉപാധികളില്ലാതെയാണ് സിപിഎമ്മില്‍ ചേര്‍ന്നതെന്നും പിഎസ് പ്രശാന്ത് വ്യക്തമാക്കി.

കോണ്‍ഗ്രസ് അച്ചടക്കമില്ലാത്ത ദുര്‍ബലമായ പ്രസ്ഥാനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പിഎസ് പ്രശാന്ത്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും മുമ്പ് ഡിസിസി അധ്യക്ഷ നിയമനത്തില്‍ കെസി വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്തെഴുതിയിരുന്നു. ഡിസിസി തിരുവനന്തപുരം അധ്യക്ഷനായി നിയമിച്ച പാലോട് രവിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

Exit mobile version