ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയത് യഥാര്‍ഥ രുദ്രാക്ഷ മാല: വിജിലന്‍സ് റിപ്പോര്‍ട്ട്

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷ മാല മോഷണം പോയത് തന്നെയെന്ന് റിപ്പോര്‍ട്ട്. യഥാര്‍ത്ഥ മാല മാറ്റി പകരം പുതിയത് വച്ചെന്ന് അന്വേഷണത്തില്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് കണ്ടെത്തി. സമഗ്രമായ അന്വേഷണത്തിനൊടുവില്‍ 81 മുത്തുകളുള്ള പഴയ മാലയ്ക്ക് പകരം 72 മുത്തുകളുടെ മാല വെയ്ക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

സംഭവം അധികാരികളെ അറിയിക്കുന്നതില്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൈമാറി.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണമാലയിലെ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ 9 മുത്തുകള്‍ കാണാതായ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു. സമഗ്രമായ അന്വേഷണത്തിന് ശേഷമാണ് മാല മോഷണം പോയെന്ന നിഗമനത്തില്‍ വിജിലന്‍സ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തില്‍ നിത്യം ചാര്‍ത്തുന്ന തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം കണ്ടെത്തിയത്.

മേല്‍ശാന്തി ശ്രീകോവിലില്‍ തന്നെ സൂക്ഷിക്കുന്ന മാലയില്‍ 23 ഗ്രാം സ്വര്‍ണ്ണമാണ് ഉള്ളത്. തിരുവാഭരണം കാണാതായി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഉപദേശക സമിതി പറഞ്ഞു. എന്നാല്‍ തിരുവാഭരണത്തിലെ മാല മാറ്റിയെന്ന് സംശയമുണ്ടെന്നാണ് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി പറയുന്നത്.

ഇപ്പോഴുള്ളത് 72 മുത്തുകള്‍ ഉള്ള മാലയാണ്. ഈ മാലയിലെ 9 മുത്തുകള്‍ ഇളകിപ്പോയതായി കാണുന്നില്ല. അതിനാലാണ് മാല തന്നെ മാറ്റിയെന്ന് സംശയിക്കുന്നത്. സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നും സമിതി സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ക്ഷേത്ര ആഭരണങ്ങളുടെ സമഗ്രമായ കണക്കെടുപ്പ് നടത്തണമെന്ന് ക്ഷേത്ര സംരക്ഷണസമിതി ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് പലതും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ക്ഷേത്രസംരക്ഷണസമിതി പറയുന്നത്. തിരുവാഭരണത്തിലെ മുത്തുകള്‍ നഷ്ടമായതിലെ ദുരൂഹതകള്‍ നീക്കണമെന്നും ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെടുന്നു.

Exit mobile version