പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍, സംഘത്തിലെ രണ്ടുപേര്‍ ഒളിവില്‍

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞു തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. സംഘത്തില്‍ നാലു പേരാണ് ഉള്ളത്. രണ്ടുപേര്‍ ഒളിവിലെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം സ്വദേശി എ.ആര്‍.രാജേഷും കൊല്ലം സ്വദേശി പി.പ്രവീണുമാണ് പിടിയിലായത്.

വനപാലകരെ കബളിപ്പിച്ച് വയനാട്ടില്‍ സൗജന്യതാമസവും ഭക്ഷണവും തരപ്പെടുത്തിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തിയാണ് വെട്ടത്തൂരിലെ വനംവകുപ്പ് വാച്ച് ടവറില്‍ ഇവര്‍ താമസം ആരംഭിച്ചത്. സൗജന്യ താമസത്തിന് പുറമേ ഭക്ഷണവും ഇവര്‍ക്ക് വനപാലകര്‍ എത്തിച്ചു നല്‍കിയിരുന്നു.

ചെതലയം റേഞ്ചില്‍പ്പെട്ട പെരിക്കലൂര്‍ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറില്‍ കഴിഞ്ഞ ജൂലൈ 25 മുതല്‍ 29 വരെയാണ് സംഘം എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരാണെന്നും ഉന്നതബന്ധമുണ്ടെന്നും പറഞ്ഞ് ഇവര്‍ ആനൂകൂല്യങ്ങളും കൈപ്പറ്റിയിരുന്നു. പട്ടാളത്തില്‍ മേജറാണെന്നും വിവിധ അന്വേഷണങ്ങള്‍ക്കായി എത്തിയതാണെന്നും സംഘം ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

Exit mobile version