ഒരാളും വിശന്ന് ഉറങ്ങേണ്ടി വന്നില്ല, മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടന്നില്ല; കോവിഡ് പ്രതിരോധത്തെ വിമര്‍ശിക്കുന്നവരോട് ഏത് മാതൃക സ്വീകരിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള മോഡല്‍ കോവിഡ് പ്രതിരോധത്തെ വിമര്‍ശിച്ചവര്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.
ജനവികാരം സര്‍ക്കാരിനെതിരാക്കാനും അങ്ങനെ കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിന്ത വാരികയിലെഴുതിയ ലേഖനത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഈ പ്രതിസന്ധി കാലത്ത് കേരളത്തിലൊരാള്‍ക്കും വിശന്ന് ഉറങ്ങേണ്ടി വന്നില്ല, സംസ്ഥാനത്തിന് ലഭിച്ചതിധികം വാക്സിന്‍ വിതരണം ചെയ്തു. ഒരാള്‍ക്ക് പോലും ചികിത്സ കിട്ടാതിരുന്നില്ല, ഈ പ്രതിസന്ധി കാലത്തും ഭരണസ്തംഭനം ഉണ്ടായില്ല, മാത്രമല്ല വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു. കേരളത്തിന്റെ കോവിഡ് പ്രതിരോധ മാതൃക തെറ്റെന്ന് പറയുന്നവര്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്ന് പറയണമെന്നും പിണറായി പറഞ്ഞു. വിമര്‍ശനങ്ങളുന്നയിച്ച പ്രതിപക്ഷത്തിന് നേരെയും പിണറായി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.

കേരളത്തിലെ കോവിഡിന്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ മൂന്നാംതരംഗത്തിന് സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കുറിക്കുന്നു. സംസ്ഥാനത്ത് ഓക്സിജന്‍ കിട്ടാതിരിക്കുകയോ ആശുപത്രി കിടക്കകള്‍ ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.

രാജ്യത്ത് ഇതുവരെ നടത്തിയ സീറോ സര്‍വൈലന്‍സ് സര്‍വെകളിലെല്ലാം ഏറ്റവും കുറവ് രോഗബാധയുളള സംസ്ഥാനം കേരളമാണ്. ലഭിച്ചതിലധികം വാക്സിന്‍ നല്‍കിയ ഏക സംസ്ഥാനമായി കേരളം മാറി. സംസ്ഥാനത്തെ മരണനിരക്ക് രാജ്യത്തേതിന്റെ മൂന്നിലൊന്ന് മാത്രമാണ്. 0.5 ശതമാനത്തിലും താഴെയാണിത്. മുഖ്യമന്ത്രി ലേഖനത്തില്‍ സൂചിപ്പിച്ചു.

രാജ്യത്ത് തീയണയാത്ത ചുടല പറമ്പുകളും ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അനാഥ പ്രേതങ്ങളെപ്പോലെ നദികളില്‍ ഒഴുകി നടന്നതും കണ്ടു. കേരളത്തില്‍ മരണമടഞ്ഞ ഒരാളെയും തിരിച്ചറിയാതിരുന്നില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഭ്യമായതിലും മികച്ച സംവിധാനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിച്ചതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു.

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനു വീഴ്ചപറ്റിയിരിക്കുന്നുവെന്നും ഇപ്പോള്‍ തുടരുന്ന നിയന്ത്രണ-പ്രതിരോധ പ്രവര്‍ത്തനങ്ങളല്ല നാം അവലംബിക്കേണ്ട മാതൃക എന്നുമുള്ള ചര്‍ച്ചകളുമുണ്ട്. മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ് എന്നും അറിയാവുന്നവര്‍, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version