മൊബൈല്‍ റേഞ്ചിനായി മരത്തില്‍ കയറി; പാറക്കൂട്ടത്തിലേക്ക് വീണ് വിദ്യാര്‍ഥിയ്ക്ക് ഗുരുതര പരിക്ക്; നട്ടെല്ലിന് പരിക്കേറ്റ വിദ്യാര്‍ഥി പരിയാരം മെഡിക്കല്‍ കോളജില്‍

കണ്ണൂര്‍: മൊബൈലിന് റേഞ്ച് കിട്ടാനായി മരത്തില്‍ കയറിയ വിദ്യാര്‍ഥിക്ക് വീണ് പരുക്കേറ്റു. കണ്ണൂര്‍ പന്നിയോട് ആദിവാസികോളനിയിലെ അനന്തു ബാബുവാണ് മരത്തില്‍ നിന്ന് പാറക്കൂട്ടത്തിന് മുകളിലേക്ക് വീണത്. നട്ടെല്ലിന് ഗുരുതര പരുക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്ലസ് വണ്‍ അലോട്ട്മെന്റ് പരിശോധിക്കാനായാണ് വീടിനടുത്തുള്ള കൂറ്റന്‍ മരത്തിന് മുകളിലേക്ക് അനന്തബാബു കയറിയത്. നിലതെറ്റി പാറക്കൂട്ടത്തിലേക്ക് വീഴുകയായിരുന്നു.

പത്താം ക്ലാസില്‍ ഓണ്‍ലൈന്‍ ക്ലാസ്സിന് ഇതേ മരത്തിന് മുകളില്‍ കയറിയാണ് അനന്തബാബു പഠിച്ചത്. ഇന്ന് ഉച്ചയ്ക്ക് പ്ലസ് വണ്‍ അലോട്ട്മെന്റ് പരിശോധിക്കാനായിരുന്നു വീണ്ടും മരത്തില്‍ കയറിയത്. വീണ ഉടനെ തന്നെ കുട്ടിയെ കൂത്തുപറമ്ബ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടി പരിയാരത്തേക്ക് മാറ്റി.

72 വിദ്യാര്‍ത്ഥികളുള്ള കോളനിയില്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തത് വാര്‍ത്തയായിരുന്നു. നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടിയെടുത്തിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Exit mobile version