തൃശ്ശൂരില്‍ ഇന്ന് പുലിയിറങ്ങും; മഹാമാരി ആശങ്കയില്‍ ഇറങ്ങുന്നത് ഒറ്റപ്പുലി മാത്രം, തയ്യാറായി സുശില്‍

തൃശ്ശൂര്‍: നഗരത്തില്‍ ഇന്ന് പുലിയിറങ്ങും. ഓണാഘോഷത്തില്‍ തൃശ്ശൂരിന്റെ അടയാളമായ പുലിക്കളി കോവിഡ് സുരക്ഷ പരിഗണിച്ച് ഒറ്റപ്പുലിയില്‍ മാത്രമായി ഒതുങ്ങും. വിയ്യൂര്‍ പുലിക്കളിസംഘത്തിലെ സുശില്‍ മണലാറുകാവാണ് പുലിയായി എത്തുന്നത്. കഴിഞ്ഞ ഒമ്പതുവര്‍ഷമായി പുലിവേഷം കെട്ടുന്നയാളാണ് സുശില്‍.

രാവിലെ പത്തുമണിയോടെയാണ് പുലിയാകാനുള്ള വര ആരംഭിക്കുക. മൂന്നരയോടെ വിയ്യൂരില്‍ നിന്നിറങ്ങും. നേരെ ശ്രീമൂലസ്ഥാനത്തെത്തുന്ന പുലി നടുവിലാലിലിറങ്ങി നാളികേരം ഉടയ്ക്കും. തുടര്‍ന്ന് വാഹനത്തില്‍ റൗണ്ടിലൂടെ പാറമേക്കാവിന് മുന്നിലെത്തും. അവിടെയും നാളികേരം ഉടച്ചശേഷം മടങ്ങുകയും ചെയ്യും. ഓണഘോത്തോടനുബന്ധിച്ച് 500ലധികം പുലികളാണ് ഇറങ്ങാറുള്ളത്. ഇത്തവണ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഇത് ഒറ്റപ്പുലിയില്‍ മാത്രം ഒതുക്കിയത്.

ഒറ്റപ്പുലിയോടൊപ്പം രണ്ട് ചെണ്ടകളും ഇലത്താളവും അകമ്പടിയായി ഉണ്ടാകും. നടുവില്‍പുരയ്ക്കല്‍ രാജനും കുടുംബത്തിനുമാണ് വരയുടെ ചുമതല. ഇതിനു പുറമെ, അയ്യന്തോള്‍ പുലിക്കളിസംഘം ഓണ്‍ലൈന്‍ പുലിക്കളിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പുലിമുഖങ്ങളുടെ ഒരുക്കമാണ് തിങ്കളാഴ്ച നടന്നത്. രാവിലെ പത്തോടെത്തന്നെ ഇവിടെ വര തുടങ്ങും. പന്ത്രണ്ടോടെ പുലികളെല്ലാം സജ്ജമാകും. മൂന്നുമണിക്കാണ് ലൈവ് ആരംഭിക്കുക. ഫേസ്ബുക്കില്‍ പുലിക്കളിസംഘത്തിന്റെ പേജില്‍ ലൈവ് ഉണ്ടാകും.

Exit mobile version