പ്ലാസ്റ്റിക് ഷീറ്റ് മറച്ച വീട്ടിൽ ദുരിതം പേറി ജീവിച്ച വാസുവിനും കുടുംബത്തിനും ഓണസമ്മാനമായി വീട് നൽകി മഹല്ല് കമ്മിറ്റി; മലപ്പുറത്തെ മാതൃകയ്ക്ക് അഭിനന്ദനം

കല്പകഞ്ചേരി: പ്ലാസ്റ്റിക് ഷീറ്റ് മറച്ച വീടിനുള്ളിൽ ദുരിതങ്ങളോട് മല്ലിട്ട് കഴിഞ്ഞിരുന്ന വാസുവിനും കുടുംബത്തിനും ഒടുവിൽ ഓണസമ്മാനമായി അടച്ചുറപ്പുള്ള വീട് സമ്മാനിച്ചിരിക്കുകയാണ് മഹല്ല് കമ്മിറ്റി. മതസൗഹാർദ്ദത്തിന്റെ ഈ ഉത്തമ മാതൃക മലപ്പുറത്ത് നിന്നാണ്.

തോഴന്നൂർ കുണ്ടൻചിന മഹല്ല് കമ്മിറ്റിയാണ് കുണ്ടൻചിനയിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് വീട് സമ്മാനിച്ചത്. ശാരീരികവൈകല്യമുള്ള വാസുവിന് അധ്വാനിക്കാൻ ശേഷിയില്ല. വീടുകളിൽ ജോലിചെയ്ത് ഭാര്യയാണ് കുടുംബം പോറ്റുന്നത്. കുടുംബത്തിന്റെ ചെലവും ഒൻപതാംക്ലാസിൽ പഠിക്കുന്ന മകൾ വിസ്മയയുടെ പഠനച്ചെലവുമെല്ലാം വീട്ടുജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായവരുമാനംകൊണ്ടാണ് കഴിഞ്ഞുപോയിരുന്നത്. എങഅകിലും ഈ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചാൽ പ്ലാസ്റ്റിക് ഷെഡിൽനിന്നുള്ള മോചനം സാധ്യമാകുമായിരുന്നില്ല.

അങ്ങനെ നിരാശരായി കഴിയവെയാണ് സാന്ത്വനവുമായി മഹല്ല് കമ്മിറ്റി എത്തിയത്. 10 ലക്ഷം രൂപ ചെലവിൽ ഒൻപതുമാസം കൊണ്ടാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവൻ മഹല്ല് നിവാസികളും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. ശാരീരികമായും സാമ്പത്തികമായും ഇവർ സഹായങ്ങളുമായി മുന്നിൽനിന്നു.

മഹല്ല് ഭാരവാഹികളായ നെടുവഞ്ചേരി കുഞ്ഞിപ്പ, എംസി കുഞ്ഞൻ, എംസി മാനു, ഹംസ ഹാജി, നാസർ ചോലക്കൽ, കല്ലൻ കുഞ്ഞിപ്പ, ചെമ്പൻ ഹമീദ് തുടങ്ങിയവർ വീടുനിർമാണത്തിന് നേതൃത്വംനൽകി.

ഈമാസം 25ന് വൈകുന്നേരം അഞ്ചുമണിക്ക് ഈ സ്‌നേഹഭവനം മഹല്ല് ഖാളി കുഞ്ഞിമോൻ തങ്ങളുടെ സാന്നിധ്യത്തിൽ തിരൂർ സബ്കളക്ടർ സൂരജ് ഷാജി കുടുംബത്തിനു കൈമാറും.

Exit mobile version