‘പെറ്റി കേസുകള്‍ കൂടുതല്‍ വേണം’: ഡിസിപി ഐശ്വര്യ ഡോങ്റേ വിവാദത്തില്‍

കൊച്ചി: കൊച്ചി നഗരത്തില്‍ പെറ്റിക്കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നിര്‍ദേശം. പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് അയച്ച വയര്‍ലെസ് സന്ദേശമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

‘സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനുള്ള പെറ്റി കേസുകള്‍ കൂടുതല്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. പല സ്റ്റേഷനുകളുടെയും പെര്‍ഫോമന്‍സ് മോശമാണെന്ന് അറിയിക്കുന്നു. 9-12 പെര്‍ഫോമന്‍സ് പല സ്റ്റേഷനുകളിലും മോശമാണെന്ന് അറിയിച്ചിട്ടുണ്ട്. എസ്.എച്ച്.ഒമാര്‍ കൂടുതല്‍ ഡിറ്റന്‍ഷന്‍ നടത്തണമെന്ന് മാഡം അറിയിക്കുന്നുണ്ട്’- വയര്‍ലെസ് സന്ദേശത്തില്‍ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് ജനങ്ങളെ പിഴിയുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഡിസിപിയുടെ നിര്‍ദേശം. രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് 17 ലക്ഷത്തിലേറെപ്പേരില്‍ നിന്ന് 125 കോടിയിലേറെ രൂപ പൊലീസ് പിഴയായി ഈടാക്കി എന്നാണ് കണക്ക്. 17.75 ലക്ഷം പേര്‍ക്കെതിരെയാണ് ഈ കാലയളവില്‍ പോലീസ് കേസെടുത്തത്.

മെയ് എട്ടു മുതല്‍ ആഗസ്ത് നാലിന് ഇളവുകള്‍ പ്രഖ്യാപിച്ചതു വരെയുള്ള കണക്കാണിത്. ഇതില്‍ 10.7 ലക്ഷം കേസുകള്‍ മാസ്‌ക് ധരിക്കാത്തതിനു മാത്രമാണ്. സാമൂഹ്യ അകലം പാലിക്കാത്തതിനു 4.7 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2.3 ലക്ഷം വാഹനങ്ങളാണ് ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പിടിച്ചെടുത്തത്.

500 രൂപ മുതല്‍ 5000 വരെയാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം വിവിധ ലംഘനങ്ങള്‍ക്കു പിഴ. പിഴയിനത്തില്‍ ആകെ എത്ര ഈടാക്കിയെന്നു പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 125 കോടി മുതല്‍ 150 കോടി വരെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കേസുകളുടെ എണ്ണവും പിഴത്തുകയും കേരള പോലീസിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

Exit mobile version