ആദിത്യനെതിരെ സമൂഹ മാധ്യമങ്ങളില്‍ പറയരുത്; അമ്പിളി ദേവിയ്ക്ക് കോടതി വിലക്ക്

കൊച്ചി: നടന്‍ ആദിത്യന്‍ ജയനുമായുള്ള സ്വകാര്യ വിഷയങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സംസാരിക്കുന്നതില്‍ നിന്നും സീരിയല്‍ താരം അമ്പിളി ദേവിയെ വിലക്കി തൃശൂര്‍ കുടുംബക്കോടതി.

തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന് കാണിച്ച് ആദിത്യന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി അമ്പിളിദേവിയെ വിലക്കിയത്. അമ്പിളി നല്‍കിയ പരാതിയില്‍, സീരിയല്‍ അഭിനേതാക്കളുടെ സംഘടനയില്‍നിന്നു പുറത്താക്കിയതിനാല്‍ 10 കോടി നഷ്ടപരിഹാരവും ആദിത്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തന്റെ സ്വര്‍ണ്ണവും പണവും ആദിത്യന്‍ ദുരുപയോഗപ്പെടുത്തി എന്നും സ്ത്രീധനം വേണം എന്ന് ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്നുമാണ് അമ്പിളിയുടെ ആരോപണം.

അമ്പിളി പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും സ്വര്‍ണം ഇവര്‍ തന്നെ ബാങ്കില്‍ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകള്‍ ആദിത്യന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസ് അവസാനിക്കുന്നത് വരെ സ്വര്‍ണ്ണം വിട്ടുനല്‍കരുത് എന്ന് ബാങ്ക് മാനേജരോട് കോടതി ആവശ്യപ്പെട്ടു.

വീട്ടിലെത്തി തന്നെയും കുടുംബത്തെയും ആദിത്യന്‍ ആക്രമിക്കാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അമ്പിളി ദേവി പുറത്തിവിട്ടിരുന്നു. ഇതിന് പിന്നാലെ ആദിത്യന്‍ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഏപ്രിലിലായിരുന്നു ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമൂഹമാധ്യമത്തില്‍ വലിയ വാര്‍ത്തയായത്.

Exit mobile version