ചന്ദ്രനഗര്‍ സഹകരണ ബാങ്ക് കവര്‍ച്ച: പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍; ഒരു മാസത്തോളം പാലക്കാട് താമസിച്ച് ബാങ്കും പരിസരവും നിരീക്ഷിച്ചെന്ന് പോലീസ്

പാലക്കാട്: ചന്ദ്രനഗര്‍ സഹകരണ ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി നിഖില്‍ അശോക് ജോഷിയെയാണ് പോലീസ് സംഘം പിടികൂടിയത്. ഇയാള്‍ ഒറ്റയ്ക്കാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞമാസം 26-നാണ് ചന്ദ്രനഗറിലെ മരുത റോഡ് സഹകരണ ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്നും ഏഴര കിലോ സ്വര്‍ണവും പതിനെണ്ണായിരം രൂപയും ഇയാള്‍ കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വഴി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

സത്താറ സ്വദേശിയായ നിഖില്‍ അശോക് ജോഷി നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. സഹകരണബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് മോഷണം നടത്തുന്നയാളാണ്. കവര്‍ച്ചയ്ക്കായി ഒരുമാസത്തോളം ഇയാള്‍ പാലക്കാട്ട് താമസിച്ചിരുന്നു.

കവര്‍ച്ച നടത്തിയ ശേഷം സ്വര്‍ണമെല്ലാം സത്താറയിലെ വിവിധ വ്യക്തികള്‍ക്ക് കൈമാറിയതായാണ് വിവരം. ബാങ്കിന് ഒരുകിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് പോലീസ് സംഘം മഹാരാഷ്ട്രയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരു മാസത്തോളം പാലക്കാട് താമസിച്ച് കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കവര്‍ച്ച നടത്തിയത്. ബാങ്കിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതിലൂടെയാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ആഴ്ചകള്‍ക്ക് മുമ്പ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഇന്നോവയില്‍ പാലക്കാട് എത്തിയ ഇയാള്‍ നാളുകളായി ബാങ്കും പരിസരവും നിരീക്ഷിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതി കവര്‍ച്ച നടത്തിയത്.

വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെത്തിയ കേരളാ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

സഹകരണ ബാങ്കുകളെ ലക്ഷ്യമിട്ടാണ് പ്രതി മോഷണ ശ്രമങ്ങള്‍ നടത്തിവന്നിരുന്നത്. മോഷണത്തില്‍ തെളിവുണ്ടാകാതിരിക്കാനായി ഇയാള്‍ ഒറ്റയ്ക്കാണ് മോഷണം നടത്തിയിരുന്നത്.

Exit mobile version