സ്ത്രീധന പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കാൻ ഗഡുക്കളായി കൈക്കൂലി; പണം വാങ്ങുന്നതിനിടെ ഗ്രേഡ് എസ്‌ഐയെ കൈയ്യോടെ പിടികൂടി വിജിലൻസ്; സംഭവം കടുത്തുരുത്തിയിൽ

കടുത്തുരുത്തി: സ്ത്രീധന പീഡന കേസിലെ പ്രതിയിൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്‌ഐയെ കൈയ്യോടെ വിജിലൻസ് സംഘം പിടികൂടി. കടുത്തുരുത്തി സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെഎ അനിൽകുമാറിനെയാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

കുറുപ്പന്തറ മാഞ്ഞൂർ സ്വദേശിനിയായ യുവതി സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുന്നതായി 2021 മാർച്ചിൽ ഭർത്താവിന് എതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഭർത്താവ് പാലക്കാട് സ്വദേശിയായ വിനോയ് വിക്ടർ ജോർജിനും മാതാപിതാക്കൾക്കും എതിരെ കടുത്തുരുത്തി പോലീസ് കേസ് എടുത്തിരുന്നു. പിന്നീട് വിനോയ് ജോലിസ്ഥലമായ ദുബായിയിലേക്ക് മടങ്ങിപ്പോകുകയും നാട്ടിൽ ഉണ്ടായിരുന്ന മാതാപിതാക്കൾ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടുകയും ചെയ്തു.

എന്നാൽ, ജാമ്യ ഉത്തരവുമായി കടുത്തുരുത്തി സ്‌റ്റേഷനിൽ എത്തിയ വിനോയിയുടെ മാതാപിതാക്കളിൽനിന്ന് ജാമ്യം സംബന്ധിച്ച സ്‌റ്റേഷൻ നടപടികൾ വേഗത്തിലാക്കാനെന്ന പേരിൽ അനിൽകുമാർ 20,000 രൂപ കൈക്കൂലി ചോദിച്ച് വാങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച ദുബായിൽനിന്ന് നാട്ടിലെത്തിയ വിനോയ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടുകയും വിവരം അനിൽകുമാറിനെ ഫോണിൽ അറിയിക്കുകയും ചെയ്തു. ഇതോടെ വീണ്ടും 20,000 രൂപ നൽകണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ ആദ്യ ഗഡുവായി 5000 രൂപയും ബാക്കി ഗഡുക്കളായും നൽകാൻ പറഞ്ഞു.

ഇക്കാര്യം വിനോയ് വിജിലൻസിന്റെ കിഴക്കൻ മേഖല എസ്പി വിനോദ്കുമാറിനെ അറിയിച്ചു. കിഴക്കൻമേഖല ഡിവൈഎസ്പി എകെ വിശ്വനാഥന്റെയും കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വിജി രവീന്ദ്രനാഥിന്റെയും നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ കടുത്തുരുത്തി സ്‌റ്റേഷന് മുന്നിൽ കാറിനുള്ളിൽ വെച്ച് കൈക്കൂലി വാങ്ങിയ അനിൽകുമാരിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.

ഇൻസ്‌പെക്ടർമാരായ റെജി കുന്നിൻപറമ്പിൽ, വിനീഷ്‌കുമാർ, നിസാം, രാജേഷ്‌കുമാർ, എസ്‌ഐമാരായ അനിൽകുമാർ, സന്തോഷ്, പ്രസന്നകുമാർ, എഎസ്‌ഐമാരായ തുളസീധരക്കുറുപ്പ്, സ്റ്റാൻലി, അനിൽകുമാർ, സാബു, കുര്യാക്കോസ്, പ്രസാദ്, സൂരജ് തുടങ്ങിയവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.

Exit mobile version