പൈലറ്റാകാന്‍ കൊതിച്ച സുജിത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയത് 18 തവണ; എന്നിട്ടും ഫയല്‍ അയയ്ക്കാന്‍ മറന്ന് ഉദ്യോഗസ്ഥര്‍; നഷ്ടപ്പെട്ടത് രണ്ടു വര്‍ഷം; ഒടുവില്‍ സര്‍ക്കാര്‍ കനിവില്‍ സുജിത്തിന് ഇനി പറക്കാം

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നഷ്ടപ്പെടുത്തിയത് വിലപ്പെട്ട രണ്ടു വര്‍ഷം.

വൈക്കം: പൈലറ്റാകാന്‍ കൊതിച്ച എസ്‌സി-എസ്ടി വിഭാഗത്തില്‍പ്പെട്ട യുവാവിനെ വലച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നഷ്ടപ്പെടുത്തിയത് വിലപ്പെട്ട രണ്ടു വര്‍ഷം. ഇതിനകം പൈലറ്റാകേണ്ടിയിരുന്ന വൈക്കം വെച്ചൂര്‍ പുത്തന്‍പാലം സ്വദേശി സുജിത്തി(23)നെ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ചതിച്ചത്. ഈ രണ്ടു വര്‍ഷവും തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ പണത്തിനായി അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് തേടി സുജിത്ത് അലയുകയായിരുന്നു. പഠനത്തിനും പരിശീലനത്തിനും ആവശ്യമായ പണം കേന്ദ്ര സര്‍ക്കാരില്‍ നിന്നു സ്‌കോളര്‍ഷിപ്പായി ലഭിക്കും. ഇതിനായാണ് സുജിത്ത് ഓഫീസുകള്‍ കയറിയിറങ്ങിയത്.

ഈ ആവശ്യത്തിനായി യുവാവ് അപേക്ഷ നല്‍കിയതും ഫയല്‍ മടക്കിയതും 18 തവണ. ഏറ്റവുമൊടുവില്‍ ഫയല്‍ അയച്ചപ്പോഴേക്കും സ്‌കോളര്‍ഷിപ്പാകട്ടെ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുകയും ചെയ്തു.

എസ്സി-എസ്ടി വിഭാഗത്തില്‍പ്പെട്ട സുജിത്ത് 2016 നവംബര്‍ 9നു ഭുവനേശ്വറിലുള്ള ഏവിയേഷന്‍ ട്രെയിനിങ് കോളജില്‍ ഒന്നര വര്‍ഷത്തെ കോഴ്‌സിനു ചേര്‍ന്നു പഠനം ആരംഭിക്കുന്നത് ഒരു ലക്ഷത്തി അറുപതിനായിരം രൂപ ബാങ്ക് വായ്പയെടുത്തായിരുന്നു. 3 മാസത്തെ തിയറി ക്ലാസിനു ശേഷം ലൈസന്‍സ് ലഭിക്കണമെങ്കില്‍ ബാക്കിയുള്ള ദിവസങ്ങളില്‍ 200 മണിക്കൂര്‍ വിമാനം പറത്തി പരിശീലിക്കണം. ആ പരിശീലനത്തിനായി അടയ്‌ക്കേണ്ടത് 30 ലക്ഷം രൂപ. ഇതിനുള്ള പണം എസ്സി -എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ് നല്‍കുന്നുണ്ടായിരുന്നു. ഇതിനായി അപേക്ഷ സംസ്ഥാന സര്‍ക്കാരിനു നല്‍കി സര്‍ക്കാര്‍ മുഖേനെയാണ് അതു കേന്ദ്ര സര്‍ക്കാരിലേക്ക് അയക്കേണ്ടിയിരുന്നത്.

സുജിത്തിന്റെ ഫയല്‍ വട്ടംകറങ്ങി കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലേക്ക് എത്തിയപ്പോഴേക്കും ഈ സ്‌കോളര്‍ഷിപ് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സുജിത്തിന്റെ പഠനത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ പരിഗണനയില്‍ ഫണ്ട് അനുവദിച്ചു നല്‍കുകി. ഇതോടെ, ഒതുക്കി വെച്ച ചിറകുകള്‍ നിവര്‍ത്തി സുജിത്തിപ്പോള്‍ വീണ്ടും പറന്നുയരുന്നതിനുള്ള ഒരുക്കത്തിലാണ്.

ആദ്യം സുജിത്ത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലേക്ക് അയക്കാനായി സംസ്ഥാന പട്ടികജാതി വികസന ഡയറക്ടറേറ്റ് ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ ഈ ഫയല്‍ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്കാണ് അയച്ചത്. പിന്നീടു കാര്യം തിരക്കിച്ചെല്ലുമ്പോള്‍ പുതിയ അപേക്ഷ നല്‍കാന്‍ പറഞ്ഞു മടക്കും. ഇത്തരത്തില്‍ 18 തവണ ഫയല്‍ മടക്കിയെങ്കിലും സുജിത്ത് പിന്‍മാറാന്‍ കൂട്ടാക്കിയില്ല.

ഒടുവില്‍ സികെ ആശ എംഎല്‍എ മുഖേന മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും വിവരം ധരിപ്പിച്ചു. ഇവരുടെ നിര്‍ദേശപ്രകാരം സംഭവത്തെകുറിച്ചു പഠിച്ചപ്പോഴാണു കേന്ദ്രത്തിലേക്ക് അയയ്‌ക്കേണ്ട ഫയല്‍ സെക്രട്ടേറിയേറ്റിലുണ്ടെന്നു ജീവനക്കാര്‍ക്കു മനസ്സിലാകുന്നത്. അപ്പോഴേക്കും പാഴായത് 2 വര്‍ഷം! മാസങ്ങള്‍ക്കു മുന്‍പു കേന്ദ്ര സര്‍ക്കാര്‍ ഈ സ്‌കോളര്‍ഷിപ് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണനയില്‍ ഫണ്ട് അനുവദിച്ചു. ഇനി ജനുവരിയില്‍ വിമാനം പറത്തല്‍ പരിശീലനം ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സുജിത്ത്.

Exit mobile version