നാലുവര്‍ഷത്തോളം വൃക്ക രോഗത്തോട് പോരാട്ടം; കാത്തിരിപ്പിനൊടുവില്‍ ജെറിയുടെ വൃക്ക സ്വീകരിച്ചു, പിന്നാലെ മരണം! തീരാനോവായി ആദര്‍ശ്

തിരുവനന്തപുരം: ജെറിയുടെ വൃക്ക സ്വീകരിച്ചതിന് പിന്നാലെ ആദര്‍ശ് വേദനകളില്ലാത്ത മറ്റൊരു ലോകത്തേയ്ക്ക് മടങ്ങി. നാലു വര്‍ഷത്തോളം വൃക്ക രോഗത്തോട് പോരാടിയ ആദര്‍ശ് കഴിഞ്ഞ ദിവസമാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ച മണ്ണന്തല സ്വദേശി ജെറിയുടെ വൃക്ക സ്വീകരിച്ചത്. എന്നാല്‍ വിധി 31കാരനായ നെടുങ്കാട് പള്ളിത്താനം സ്വദേശി ആദര്‍ശ് ജി.നായരെ കവര്‍ന്നെടുക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി പത്തിനായിരുന്നു മെഡിക്കല്‍ കോളേജില്‍ ആദര്‍ശിന്റെ ശസ്ത്രക്രിയ നടന്നത്. ഞായറാഴ്ച രാവിലെ ഐ.സി.യു.വിലേക്കു മാറ്റി. 10.30-ഓടെ അനുഭവപ്പെട്ട ഹൃദയസ്തംഭനമാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. നാലു വര്‍ഷം അനുഭവിച്ച ദുരിത ജീവിതത്തിന് അറുതിവരുത്തി ജീവിതത്തിലേക്കു മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

ശസ്ത്രക്രിയയ്ക്കു ശേഷം ആദര്‍ശ് ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നു, ജീവിതത്തിലേയ്ക്ക് മടങ്ങുമെന്ന പ്രതീക്ഷയും ഡോക്ടര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ ഹൃദയസ്തംഭനം ആദര്‍ശിന്റെ ജീവന്‍ എടുത്തു. ഗള്‍ഫില്‍ ജോലിചെയ്യുന്നതിനിടയിലാണ് ആദര്‍ശിന് വൃക്കരോഗം സ്ഥിരീകരിക്കുന്നത്. ഒന്നര വര്‍ഷം മാത്രമാണ് ഗള്‍ഫില്‍ ജോലി ചെയ്തത്. ഇതോടെ ഒരുപാടു പ്രതീക്ഷകളുമായി പോയ ആദര്‍ശ് നാട്ടിലേയ്ക്ക് മടങ്ങി. പിന്നീട് ജീവിതം മരുന്നുകള്‍ക്കിടയിലും.

ശേഷം, ഡയാലിസിസ് ആരംഭിച്ചു. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ പേരുചേര്‍ത്തു. മൂന്നുപേര്‍ക്ക് ജെറിയുടെ വൃക്ക ചേരുമോയെന്നു പരിശോധിച്ചതില്‍, ആദര്‍ശിനായിരുന്നു ചേര്‍ന്നത്. ജൂലായ് 27-ന് മണ്ണന്തലയിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോഴാണ് 31-കാരനായ ജെറിക്ക് മസ്തിഷ്‌കരമരണം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് വൃക്കകളും കരളും നേത്രപടലങ്ങളും അഞ്ചുപേര്‍ക്കായി നല്‍കിയിരുന്നു. അച്ഛന്‍ ഗോപിനാഥന്‍ നായരുടെയും അമ്മ ഉഷയുടെയും ഏക മകനായിരുന്നു ആദര്‍ശ്. സഹോദരി: വൃന്ദ. ശവസംസ്‌കാരം ഞായറാഴ്ച തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.

Exit mobile version