കുതിരാന്‍ തുറക്കാന്‍ മന്ത്രി റിയാസിനൊപ്പം ആദ്യാവസാനം കൂടെ നിന്ന് മുന്‍ കളക്ടര്‍ എ ഷാനവാസ് ഐഎഎസ്

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിനായുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോള്‍ സഫലമായത്. ദേശീയപാത നിര്‍മ്മാണത്തിനായി നാഷണല്‍ ഹൈവേ അതോറിറ്റിയുമായ കരാര്‍ ഒപ്പിട്ട കമ്പനി വര്‍ഷങ്ങളോളം പണി വൈകിപ്പിച്ചപ്പോള്‍ ഒരു നടക്കാ പദ്ധതി പോലെ തോന്നിയിരുന്ന ഘട്ടത്തിലാണ് എത്രയും വേഗം കുതിരാന്‍ ടണല്‍ തുറക്കാന്‍ പ്രതിഞ്ജാ ബദ്ധനായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് മുന്നോട്ട് വന്നത്.

പിന്നീട് നടന്നത് കേരളം ആഹ്ലാദത്തോടെയാണ് കണ്ടത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ മൂന്ന് തവണ പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു നടപടികള്‍ വേഗത്തിലാക്കാന്‍ ഇടപെടുന്നു.

ആഗസ്റ്റില്‍ തന്നെ കുതിരാന്‍ തുറക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിനു സ്ഥലം എം എല്‍എയും റവന്യൂ മന്ത്രിയും ആയ കെ രാജനും മന്ത്രി രാധാകൃഷ്ണനും മന്ത്രി ബിന്ദു ടീച്ചറും മറ്റ് ജനപ്രതിനിധികളും ഒക്കെ കൂടെ തന്നെ ഉണ്ടായിരുന്നു ഒപ്പം എടുത്തു പറയേണ്ട മറ്റൊരു പേര് എ ഷാനവാസ് ഐഎഎസിന്റേത് കൂടിയാണ്.

2016 മുതല്‍ തുരങ്കം യാഥാര്‍ഥ്യമാക്കാന്‍ അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് ഷാനവാസ്. അദ്ദേഹം ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്നപ്പോള്‍ മുതല്‍ ഈ തുരങ്കത്തിനായി വലിയ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുരങ്കപാതയ്ക്കായി ഓരോ ചെറിയ കാര്യങ്ങള്‍ പോലും പരിഹരിച്ചു കൊടുത്തു.

തുരങ്കനിര്‍മ്മാണത്തിനായി വിവിധ വകുപ്പുകളുടെ അനുമതി അദ്ദേഹം യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കി. 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുവാദം, മരങ്ങള്‍ വെട്ടി മാറ്റുന്നതിനുള്ള അനുമതി, എത്ര ജോലിക്കാരെ ഉപയോഗിക്കുന്നതി നുമുള്ള അനുവാദം എന്നിവ കോവിഡ് രൂക്ഷമായപ്പോഴും അദ്ദേഹം നല്‍കി. ഏതാണ്ട് ആഴ്ചയില്‍ രണ്ടു പ്രാവശ്യം കുതിരാന്‍ സന്ദര്‍ശിക്കുകയും ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പരിഗണിച്ച് സര്‍ക്കാര്‍ അദ്ദേഹത്തെ കുതിരാന്‍ ടണലിന്റെ സ്പെഷ്യല്‍ ഓഫീസര്‍ ആയി പ്രത്യേകം ചുമതലയും നല്‍കി. മാത്രമല്ല ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏതാണ്ട് 14 യോഗങ്ങള്‍ വിളിച്ചു കൂട്ടിയിട്ടുണ്ട്.

ഇത് പോലെയുള്ള ഓഫീസര്‍മാര്‍ ആണ് നാടിന് വേണ്ടത് എന്ന അഭിപ്രായവും അഭിനന്ദനങ്ങളും സര്‍ക്കാരിനും മന്ത്രിക്കും ഒപ്പം ഒരു ഉദ്യോഗസ്ഥനും നാട് നല്‍കുന്നു എന്നത് അദ്ദേഹത്തിന്റെ കര്‍ത്തവ്യ ബോധത്തിനും അര്‍പ്പണ മനസ്സിനും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ്.

പാലക്കാട്- തൃശൂര്‍ പാതയിലെ ഗതാഗതത്തിന് ഏറെ ആശ്വാസമായ കേരളത്തിലെ ആദ്യത്തെ തുരങ്കപാതയായ കുതിരാന്‍ തുരങ്കം തുറന്നതോടെ ഒരു പതിറ്റാണ്ടിലധികമുള്ള കാത്തിരിപ്പാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കം ഗതാഗതത്തിന് സജ്ജമായി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കം തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയത്.

Exit mobile version