പെൺകുട്ടിയെ രാഖിൽ പറഞ്ഞുവിശ്വസിപ്പിച്ചത് വലിയ ബിസിനസുകാരനെന്ന്; വീട്ടിൽ വന്നിരുന്നത് വിവിധ കാറുകളിൽ; സുഹൃത്തുക്കളില്ല, പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധിച്ചിരുന്നുവെന്നും അയൽവാസി

rakhil

കണ്ണൂർ: ബിഡിഎസ് നാലാം വർഷ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത പ്രതി രാഖിലിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി അയൽവാസിയും മുൻ പഞ്ചായത്ത് മെമ്പറുമായ സുരേന്ദ്രൻ. ദീർഘകാലമായി രാഖിലിന്റെ കുടുംബത്തെ അറിയാമെങ്കിലും അമ്മവീട്ടിൽ നിന്നു വളർന്ന രാഖിലിനെ മേലൂരിലെ നാട്ടുകാർക്ക് പരിചയമുണ്ടായിരുന്നില്ല. അപൂർവ്വമായി മാത്രം വീട്ടിലെത്തിയിരുന്ന ഇയാൾക്ക് ഇവിടെ സുഹൃത്തുകളില്ലായിരുന്നെന്നും സുരേന്ദ്രൻ പറയുന്നു. പൊതുവെ ഉൾവലിഞ്ഞ സ്വഭാവമായിരുന്നു യുവാവിന്റേതെന്നും കഴിഞ്ഞതവണ വീട്ടിൽ വന്നു പോയപ്പോഴുണ്ടായിരുന്ന അസ്വഭാവിക പെരുമാറ്റം ബന്ധുക്കൾ ശ്രദ്ധിച്ചിരുന്നെന്നും സുരേന്ദ്രൻ പറയുന്നു. മാതാപിതാക്കളോടുപോലും അകലം പാലിക്കുന്ന രീതിയായിരുന്നു ഇയാളുടെ പെരുമാറ്റം എന്നും അയൽവാസി പറഞ്ഞു.

‘ഇതിനിടെ രാഖിൽ ഏതോ ഒരു പെൺകുട്ടിയുമായിട്ട് സ്‌നേഹബന്ധത്തിലായിരുന്നു എന്നും വിവാഹത്തിലേക്ക് അടുക്കുന്നെന്നും വീട്ടുകാരിൽ നിന്ന് സമീപകാലത്ത് അറിഞ്ഞിരുന്നു. പിന്നീട് ആ ബന്ധത്തിൽ എന്തെല്ലാമോ പ്രശ്‌നമുണ്ടായി പിരിഞ്ഞെന്നായിരുന്നു കേട്ടത്. രാഖിൽ ആ കുട്ടിയോട് പറഞ്ഞത് മുഴുവൻ കള്ളമായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി തന്നെ ബന്ധം ഒഴിവാക്കുകയായിരുന്നു എന്നതാണ് വസ്തുത. പെൺകുട്ടിയോട് രഖിൽ പറഞ്ഞത് ഇവിടെ വലിയ ബിസിനസുണ്ടെന്നും മറ്റുമായിരുന്നു. ഇല്ലാത്തത് പറഞ്ഞു വിശ്വസിപ്പിക്കാൻ മിടുക്കനായിരുന്നു. നാട്ടിലും വളരെ മാന്യനായി എക്‌സിക്യൂട്ടീവ് ലുക്കിലായിരുന്നു രാഖിൽ നടന്നിരുന്നത്. എന്തായിരുന്നു രാഖിലിന്റെ തൊഴിലെന്ന് ആർക്കുമറിയില്ലായിരുന്നു. അപൂർവ്വമായിട്ട് വീട്ടിലേക്ക് വരുമ്പോൾ പോലും ഏതെങ്കിലും കാറിലാണ് വന്നിരുന്നത്. വന്നാൽ തന്നെ ഒന്നുരണ്ട് ദിവസം നിന്ന് പോകുന്നതായിരുന്നു രീതി.

രാഖിലിന്റെ കുടുംബം 23 വർഷത്തോളമായി എന്റെ അയൽവാസികളാണെങ്കിലും യുവാവ് ഈ വീട്ടിലല്ല താമസിച്ചിരുന്നത്. രാഖിലിന്റെ മാതാപിതാക്കളുടെ വീടായ കണ്ണൂർ പള്ളിയാമലയിലെ വീട്ടിലാണ് യുവാവ് മിക്കവാറും താമസിച്ചിരുന്നത്. വളരെ അപൂർവ്വമായിട്ടാണ് രാഖിൽ മാതാപിതാക്കളുടെ കൂടെ താമസിച്ചിട്ടുള്ളത്. അതിനാൽ തന്നെ രാഖിലിനെ നാട്ടുകാർക്കൊന്നും അറിയില്ല. മേലൂർ പ്രദേശത്തെ മറ്റ് ചെറുപ്പക്കാരുമായി രാഖിലിന് സൗഹൃദമുണ്ടായിരുന്നില്ല. പള്ളിയാമലയിലാണ് രാഖിലിന് സുഹൃത്തുക്കളും ബന്ധങ്ങളുമുള്ളത്. രാഖിലിന്റെ ഇളയ സഹോദരൻ മറ്റുള്ളവരുമായി ഇടപെടുന്ന സ്വഭാവമായിരുന്നെങ്കിലും രാഖിലിന്റേത് ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. കാഴ്ചയ്ക്കും പെരുമാറ്റത്തിലും വളരെ സൗമ്യനാണെങ്കിലും യുവാവിന്റെ രീതികളെക്കുറിച്ച് നാട്ടുകാർക്ക് സംശയമുണ്ടായിരുന്നെന്നാണ് സുരേന്ദ്രന്റെ വാക്കുകൾ. ഇടക്കാലത്ത് രാഖിൽ വന്നുപോയപ്പോൾ ബന്ധുക്കളിൽ ചിലർതന്നെ യുവാവിന്റെ ചെയ്തികളിൽ സംശയം പ്രകടിപ്പിച്ചിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർത്ഥിനി കണ്ണൂർ സ്വദേശിനിയായ മാനസയെ നെല്ലിക്കുഴിയിലെ താമസ സ്ഥലത്ത് എത്തി തലശേരി സ്വദേശിയായ രാഖിൽ ഇന്നലെയാണ് വെടിവച്ച് കൊന്നത്. മാനസയെ വെടിവച്ച രാഖിൽ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.

Exit mobile version