കൈകളില്ല, കാലിലൂടെ വാക്‌സിന്‍ സ്വീകരിച്ച് പ്രണവ്; കേരളത്തില്‍ ആദ്യം, വാക്‌സിനേഷന് മടിക്കുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണിതെന്ന് പ്രണവ്

പാലക്കാട്; ഇരുകൈകളും ഇല്ലെങ്കിലും ഏത് പ്രതിസന്ധിയെയും ചിരിച്ചു കൊണ്ട് നേരിടുന്ന പ്രണവിനെ മലയാളികള്‍ക്ക് പരിചിതമാണ്. ചിത്രകാരന്‍ കൂടിയായ പ്രണവ് രണ്ടു പ്രളയങ്ങളിലും താന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത് വലിയ വാര്‍ത്തയായിരുന്നു.

പരിമിതികളുടെ കണക്ക് പറഞ്ഞ് ഒതുങ്ങി ഇരിക്കാതെ തന്നാല്‍ തന്നാല്‍ കഴിയുന്ന വിധം സഹായം നല്‍കിയ പ്രണവ് നമുക്ക് നല്‍കിയത് വലിയ സന്ദേശമായിരുന്നു. എന്ത് വലിയ പ്രതിസന്ധി വന്നാലും അതിനെ ചിരിച്ച കൊണ്ട് നേരിടണമെന്ന സന്ദേശം.

ഇപ്പോള്‍ കോവിഡ് വാക്‌സിനെടുത്ത് പുതിയ മാതൃക തീര്‍ത്തിരിക്കുകയാണ് ഈ 22 കാരന്‍. കൈകളില്ലാത്തതിനാല്‍ കാലുകളിലൂടെയാണ് പ്രണവ് വാക്‌സിന്‍ സ്വീകരിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വാക്‌സിനേഷന്‍ നടക്കുന്നത്.

പാലക്കാട് ആലത്തൂര്‍ സ്വദേശിയായ പ്രണവ് ഇന്നലെ സൈക്കിള്‍ ചവിട്ടിയാണ് ആലത്തൂര്‍ പഴയ പോലീസ് സ്റ്റേഷനിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയത്. ഒപ്പം അച്ഛന്‍ ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു. എന്നാല്‍ ഇരു കൈകളുമില്ലാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യം അമ്പരന്നു. ആരോഗ്യ വകുപ്പില്‍നിന്നു നിര്‍ദേശം എത്തിയതോടെ കാല്‍ വഴി പ്രണവ് വാക്‌സീന്‍ സ്വീകരിച്ചു.

കോവിഷീല്‍ഡ് വാക്‌സീന്റെ ആദ്യ ഡോസാണ് പ്രണവ് സ്വീകരിച്ചത്. വാക്‌സിനേഷന്‍ മടിക്കുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണു കാല്‍വഴിയുള്ള തന്റെ വാക്‌സിനേഷനെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version