വിടവാങ്ങിയ കുഞ്ഞ് ഇമ്രാന് വേണ്ടി പിരിച്ച ആ 16 കോടി എന്തുചെയ്യും? ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: മലപ്പുറം വലമ്പൂരിൽ എസ്എംഎ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാൻ മരിച്ചതോടെ കുഞ്ഞിന് വേണ്ടി പിരിച്ച പണം ഇനി എന്ത് ചെയ്യുമെന്ന് ഹൈക്കോടതിയുടെ ചോദ്യം. ഇമ്രാന്റെ ചികിത്സയ്ക്ക് വേണ്ടി പിരിച്ചെടുത്ത 16 കോടി എങ്ങനെ വിനിയോഗിക്കുമെന്നാണ് കോടതി ചോദിച്ചത്.

പിരിച്ചെടുത്ത പണം മറ്റ് കുട്ടികളുടെ ചികിത്സക്കായി വിനിയോഗിച്ച് കൂടെ എന്നും കോടതി ആരാഞ്ഞിരിക്കുകയാണ്. അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.

സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ വലമ്പൂർ സ്വദേശികളുടെ മകനായ ഇമ്രാൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആറു മാസമായിരുന്നു പ്രായം. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇമ്രാന്റെ മരുന്നിനായി 18 കോടി ആവശ്യമായിരുന്നു. ഇതിനായി 16 കോടി രൂപയോളം സോഷ്യൽമീഡിയ ക്യാംപെയ്‌നിലൂടെയും നാട്ടുകാരും ജീവകാരുണ്യപ്രവർത്തകരും ക്യാംപെയിനിലൂടെ സമാഹരിച്ചിരുന്നു. പെരിന്തൽമണ്ണ വലമ്പൂരിലെ ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാൻ..

ഇതുവരെ സമാഹരിച്ച പണം എന്തുചെയ്യണമെന്നത് സംബന്ധിച്ച് ചികിത്സാസഹായ സമിതി തീരുമാനിക്കുമെന്ന് സ്ഥലം എംഎൽഎ മഞ്ഞളാംകുഴി എംഎൽഎ അറിയിച്ചിരുന്നു. ഇതുവരെ ഇമ്രാനെ ചികിത്സിക്കാനായി ചെലവായ തുക പിരിച്ചെടുത്ത പണത്തിൽ നിന്നും വേണ്ടെന്നു പറഞ്ഞ് കുടുംബം നിരസിച്ചിരുന്നു.

Exit mobile version