പത്താം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ നാട് വിട്ട് പോയി: മൂന്ന് പതിറ്റാണ്ടിന് ശേഷം ‘വികൃതി പയ്യന്‍’ സ്‌കൂളില്‍ തിരിച്ചെത്തി; ഓണ്‍ലൈന്‍ പഠന സഹായവുമായി

പാലക്കാട്: പത്താം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ നാട് വിട്ട് പോയ വികൃതി പയ്യന്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം സ്‌കൂളില്‍ തിരിച്ചെത്തി, ഓണ്‍ലൈന്‍ പഠന സഹായവുമായി.

പാലക്കാട് പിഎന്‍ജിഎച്ച്എസ്എസിലെ പൂര്‍വ്വവിദ്യാര്‍ഥിയായിരുന്ന കല്‍പ്പാത്തി സ്വദേശി ഹരിഹരനാണ് മുപ്പത് വര്‍ഷത്തിന് ശേഷം സ്‌കൂളിലെത്തിയത്.

1980ല്‍ 10 എയില്‍ പഠിയ്്ക്കുമ്പോഴാണ് വീട്ടുകാരുമായുള്ള പ്രശ്‌നത്തിന്‍ പുറത്ത് മുംബൈയിലേക്ക് ഒളിച്ചോടിപ്പോയത്. പത്ത് ദിവസത്തിന് ശേഷം ഹരിഹരനെ കണ്ടെത്തി സ്‌കൂളിലെത്തിച്ച് പത്താംക്ലാസ് പരീക്ഷയെഴുതിച്ചു.

വിക്ടോറിയ കോളേജില്‍ ബികോം പഠിയ്ക്കുമ്പോള്‍ വീണ്ടും ഒളിച്ചോട്ടം. ജീവിയ്ക്കാന്‍ പല പണികളും ചെയ്തു. ഒടുവില്‍ മുംബൈയില്‍ കോള്‍ സെന്റര്‍ സേവനം തുടങ്ങുന്ന കമ്പനി തുടങ്ങി.

അവിടെ നിന്നായിരുന്നു വിജയങ്ങളുടെ തുടക്കം. സ്‌പേസ് സെറ്റേഴ്‌സ് എന്ന ഇന്ന് ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം കൂടിയാണിത്.

മാത്രമല്ല, മുംബൈ നഗരത്തിലേക്ക് ഒളിച്ചോടിയെത്തുന്ന കുട്ടികളുടെ പുനരധിവാസവും കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തി തിരികെ എത്തിക്കുന്ന ചില്‍ഡ്രന്‍ റീയുണൈറ്റ് എന്ന സന്നദ്ധ സംഘടനയും സ്ഥാപിച്ചു.

മൂന്ന് പതിറ്റാണ്ടിന് ശേഷം പഠിച്ച സ്‌കൂളിലേക്ക് ഹരിഹരന്‍ വീണ്ടും എത്തിയത് ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം നേരിടുന്ന 108 കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതിനാണ്.

Exit mobile version