ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല, അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചിരുന്നു: ആരോപണങ്ങളില്‍ വിശദീകരണവുമായി റിനൈ മെഡിസിറ്റി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി റിനൈ മെഡിസിറ്റി അധികൃതര്‍. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിത്സയില്‍ സംഭവിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി അത് അനന്യയെ ബോധ്യപ്പെടുത്തുകയും ചെയ്തതാണെന്നും റിനൈ മെഡിസിറ്റി വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി.

റിനൈ മെഡിസിറ്റിയേയും ഡോ. അര്‍ജുന്‍, ഡോ. മധു, മറ്റ് ആശുപത്രി ഉദ്യോഗസ്ഥര്‍ എന്നിവരെയും സമൂഹമാധ്യമങ്ങളിലൂടെയും സുഹൃത്ത് വലയത്തിലൂടെയും അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചിരുന്നെന്നും ആശുപത്രി പിആര്‍ഒ ആരോപിച്ചു.

മരണത്തിന് ആറുമണിക്കൂര്‍ മുമ്പ് സാമൂഹിക മാധ്യമങ്ങളിലിട്ട വീഡിയോയിലടക്കം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റിനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അനന്യ ഉന്നയിച്ചത്.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് അനന്യ വെളിപ്പെടിത്തിയത്. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെയാണ് അനന്യയുടെ മൃതദേഹം കണ്ടെത്തിയത്.

റിനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അനന്യയുടെ അച്ഛനും രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടാകുന്ന മാനസിക ശാരീരിക വെല്ലുവിളികളുടെ സാധ്യത അനന്യയെ നേരത്തെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു വര്‍ഷത്തിനിടെ, ശസ്ത്രക്രിയയിലെ പാളിച്ച കാണിച്ച് അനന്യ ഔദ്യോഗികമായൊരു പരാതിയും നല്‍കിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

Exit mobile version