ബക്രീദിന് കോവിഡ് നിയന്ത്രണങ്ങൾക്ക് എന്തിന് ഇളവു നൽകി; നടപടി പരിതാപകരം; കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; ഹർജി നൽകിയ മലയാളി വ്യവസായിക്ക് അഭിനന്ദനം

ന്യൂഡൽഹി: കേരളത്തിൽ ബക്രീദിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയ നടപടിയെ വിമർശിച്ച് സുപ്രീംകോടതി. സമ്മർദങ്ങളെ തുടർന്ന് ഇളവുകൾ അനുവദിച്ച സർക്കാർ നടപടി പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വൈകിയ വേളയിൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ബക്രീദ് കാലത്ത് കടകൾ തുറക്കുന്നതിൽ കേരളം ഇളവുകൾ നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമർശനം.

സമ്മർദങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന അപകടകരമായ അവസ്ഥയാണ് കേരളത്തിലെന്ന് കോടതി നിരീക്ഷിച്ചു. മതപരമായോ മറ്റേതെങ്കിലും തരത്തിലോ ഉള്ള സമ്മർദ്ദങ്ങൾക്ക് പൗരന്റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കാനാവില്ല. കൻവാർ യാത്രയുടെ കാര്യത്തിൽ ചൂണ്ടിക്കാട്ടിയവയൊക്കെയും കേരളത്തിനും ബാധകമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടിയ ഡി കാറ്റഗറിയിൽ ഒരു ദിവസം മുഴുവൻ ഇളവുകൾ നൽകിയെന്നത് അങ്ങേയറ്റം ഗുരുതരമായ കാര്യമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.

അതേസമയം, വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകൾ നൽകിയതെന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ബക്രീദിനോടനുബന്ധിച്ച് ജൂലൈ 18 മുതൽ 20 വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.

ഈ ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടിവരുമെന്ന് ജസ്റ്റിസ് റോഹിന്റൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. കേരളത്തിലെ വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നതിന് ഹർജിക്കാരനായ മലയാളി വ്യവസായിയെ കോടതി നന്ദിയറിയിക്കുകയും ചെയ്തു.

Exit mobile version