സര്‍ക്കാരിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കില്ല: മുഖ്യമന്ത്രിയ്ക്ക് അനുകൂല സമീപനം, സമരത്തിനില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: എന്തു സംഭവിച്ചാലും ശനിയാഴ്ച കടകള്‍ തുറക്കുമെന്ന നിലപാട് മാറ്റി വ്യാപാരികള്‍. സര്‍ക്കാരിനെ വെല്ലുവിളിച്ച് ചര്‍ച്ചയ്ക്കു പോയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട ശേഷം,
കടകള്‍ തുറക്കില്ലെന്ന് നിലപാട് മാറ്റി.

ലോക്ഡൗണില്‍ കടകള്‍ തുറക്കുന്നതടക്കം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന നിലപാടാണ് വ്യാപാരികളുടേത്. തീര്‍ത്തും സൗഹൃദപരമായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. ഞങ്ങള്‍ പറയാത്ത കാര്യങ്ങള്‍ കൂടി ഇങ്ങോട്ടു പറഞ്ഞ് അദ്ദേഹം പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയേയും വ്യാപാരികളെയും തമ്മില്‍ തെറ്റിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അത് തിരിച്ചറിഞ്ഞതില്‍ മുഖ്യമന്ത്രി സന്തോഷം അറിയിച്ചു. കടകള്‍ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം അറിയിക്കും. സര്‍ക്കാരിനെ വ്യാപാരികളും വിശ്വാസത്തിലെടുക്കുന്നു. ബക്രീദിന് കടകള്‍ തുറക്കുമെന്ന ഉറപ്പു മുഖ്യമന്ത്രി നല്‍കി. ശനിയാഴ്ച കട തുറക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും വ്യാപാരി വ്യവസായികള്‍ തിരുത്തി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞാല്‍ തുറക്കുമെന്നായി പുതിയ നിലപാട്.

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് നല്‍കാനാണ് തീരുമാനം. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകള്‍ക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും. രാത്രി എട്ടു മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക.

Exit mobile version