‘കേസാക്കരുത്, ചികിത്സാ ചെലവ് വഹിക്കാം’ വാക്കുകളില്‍ വിശ്വസിച്ചു; ഇന്ന് എല്ലും തോലുമായി അച്ഛന്‍, പഠിപ്പ് നിര്‍ത്തി കൂലിപ്പണിക്കിറങ്ങി 17കാരന്‍

തൃശ്ശൂര്‍: ”കേസ് കൊടുക്കരുത്, പിറ്റേന്ന് വിദേശത്തേക്ക് പോകാനുള്ളതാണ്, മുടക്കരുത്. ചികിത്സച്ചെലവ് പൂര്‍ണമായും വഹിക്കാം’ ഈ വാക്കുകളില്‍ വിശ്വസിച്ച് കഴിഞ്ഞ ഷൈജനും കുടുംബവും ഇന്ന് ദുരിതത്തിലാണ്. നാലുവര്‍ഷം മുന്‍പ് കാറിടിച്ചു ഓട്ടോയില്‍ നിന്നു തെറിച്ചുവീണു കിടപ്പിലായതാണ് ഷൈജന്‍. അപകടമുണ്ടാക്കിയവരുടെ കണ്ണീര്‍ വാക്കുകളില്‍ വിശ്വസിച്ച ഷൈജന്‍ ഇന്ന് വാടകവീട്ടില്‍ എല്ലും തോലുമായി കിടപ്പിലാണ്.

ഇപ്പോള്‍ കുടുംബംപോറ്റാന്‍ 17 കാരനായ മകന്‍ ഷിന്റോ പഠനംനിര്‍ത്തി കൂലിപ്പണിക്ക് ഇറങ്ങിയിരിക്കുകയാണ്. ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്ന ഷൈജന്‍ 2017 ഒക്ടോബര്‍ 24-നാണ് അപകടത്തില്‍പ്പെട്ടത്. നെടുപുഴ ധ്യാനകേന്ദ്രത്തിനു സമീപം ഓട്ടോറിക്ഷയില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ മറിഞ്ഞ് ഷൈജന്റെ നട്ടെല്ലിനാണ് പരിക്കേറ്റത്.

നാലുമാസം പൂര്‍ണവിശ്രമമെടുത്താല്‍ പ്രശ്‌നം തീരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതിനിടെയാണ് കേസ് കൊടുക്കരുതെന്ന അപേക്ഷയുമായി കാറുടമ എത്തിയത്. കാറുടമയുടെ വിശ്വസനീയമായ വാക്കുകള്‍ കേട്ടതോടെ കേസ് കൊടുക്കുന്നതില്‍ നിന്ന് ഷൈജന്‍ പിന്മാറി. എന്നാല്‍, ആശുപത്രി ബില്ലുകള്‍ അടച്ച് കാറുടമ പോയി. നാലുമാസം വിശ്രമിച്ചെങ്കിലും നട്ടെല്ലിലെ പ്രശ്‌നം തീര്‍ന്നില്ല. പൂര്‍ണ്ണമായും കിടപ്പിലാവുകയായിരുന്നു.

അപകടത്തിന്റെ തുടര്‍ച്ചയെന്നോണം പല രോഗങ്ങളും വന്നു. കാലിലെ പഴുപ്പ് മാറ്റാനായി മുട്ടിനുമുകളില്‍ വെച്ച് മുറിച്ചുമാറ്റേണ്ടി വന്നത് കൂടുതല്‍ ദുരിതം തീര്‍ത്തു. ഒടുവില്‍ പത്താംക്ലാസ് ജയിക്കും മുന്നേ കുടുംബം പോറ്റാന്‍ മകന്‍ ഷിന്റോ ജോലി തേടിയിറങ്ങി. പഠനത്തോടൊപ്പം പത്രവിതരണമുള്‍പ്പെടെ പല ജോലികളും ചെയ്തു.

പത്തില്‍ നല്ല മാര്‍ക്ക് കിട്ടിയെങ്കിലും അച്ഛന്റെ പരിതാപകരമായ അവസ്ഥയെ കണക്കിലെടുത്ത് ഉപരിപഠനത്തിന് പോയില്ല. മഴയായതിനാല്‍ പ്ലംബിങ്,വയറിങ് ജോലികളില്‍ സഹായിയായി പോകുകയാണ് ഇപ്പോള്‍. നെടുപുഴയിലെ റെയില്‍വേഗേറ്റിന് സമീപമുള്ള വീടിന് മാസ വാടക 5,000 രൂപ നല്‍കണം. അച്ഛന് പ്രതിമാസം 3,000 രൂപയുടെ മരുന്നും വേണം. ഒരു ദിവസംപോലും വിശ്രമമില്ലാതെ തന്റെ കുടുംബം പോറ്റാന്‍ ജോലിചെയ്യുകയാണ് ഷിന്റോ.

Exit mobile version