ബൈക്ക് ചരക്ക് ലോറിയില്‍ ഇടിച്ച് യുവാവ് മരിച്ചു; അപകടം കഞ്ചാവ് കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ

എരമംഗലം: ബൈക്ക് ചരക്ക് ലോറിയില്‍ ഇടിച്ച് യുവാവ് മരിച്ചു. കാസര്‍കോട് ഉപ്പളയില്‍ നിന്ന് എറണാകുളത്തേക്ക് കഞ്ചാവ് കടത്തുന്നവര്‍ സഞ്ചരിച്ച ബൈക്കാണ് നിര്‍ത്തിയിട്ട ചരക്കുലോറിയിലിടിച്ചത്. കാസര്‍കോട് ഉപ്പള സ്വദേശി പച്ചിലംപാറവീട്ടില്‍ റഷീദ് മസാഹിന്‍ (26) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഉപ്പള സ്വദേശി പച്ചിലപ്പാറ ജമാല്‍ (23) പരിക്കുകളോടെ പൊന്നാനി ഇമ്പിച്ചിബാവ സ്മാരക ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ 1.30-ന് പുതുപൊന്നാനി-ചാവക്കാട് ദേശീയപതയില്‍ പാലപ്പെട്ടി പുതിയിരുത്തിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് റഷീദ് മസാഹിന്‍ മരിച്ചത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ജമാലിനെ പൊന്നാനി ഗവ. ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

മൂന്നുകിലോ കഞ്ചാവ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളത്ത് പഴക്കച്ചവടം നടത്തുന്ന ഇരുവരും ഇതിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പനയും നടത്താറുണ്ടെന്ന് പോലീസ് പറയുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച റഷീദിന്റെ മൃതദേഹം കൊവിഡ് 19 പരിശാധനാഫലം ലഭിച്ചശേഷം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് അറിയിച്ചു.

Exit mobile version