കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിലപാട് അശാസ്ത്രീയം; അതുകൊണ്ടാണ് വ്യപാരികൾ പ്രശ്‌നമുണ്ടാക്കുന്നത്: വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് വികെസി മമ്മദ് കോയ

കോഴിക്കോട്: കോവിഡ് കാലത്ത് കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡം നിശ്ചയിക്കുന്നവരുടെ നിലപാടുകൾ പലപ്പോഴും അശാസ്ത്രീയമാണെന്ന വിമർശനവുമായി വ്യാപാരി സംഘടന. ഈ അശാസ്ത്രീയ നിലപാടുകൾമൂലമാണ് കടയടയ്ക്കലുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് പ്രശ്‌നമുണ്ടാകുന്നതെന്നു വ്യാപാര സംഘടനയായ വ്യാപാരി വ്യവസായി സമിതി പ്രസിഡന്റും മുൻ എംഎൽഎയുമായ വികെസി മമ്മദ് കോയ പറഞ്ഞു.

എല്ലാദിവസവും കുറച്ചുസമയം ക്രമീകരിച്ചു കടകൾ തുറക്കുകയാണെങ്കിൽ ഈ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നാണ് തങ്ങളുടെ അഭിപ്രായം. കോവിഡ് മാനദണ്ഡം നിശ്ചയിക്കുന്നത് ഉദ്യോഗസ്ഥന്മാർ മാത്രം ചേർന്നുകൊണ്ടാണ്. വ്യാപാരികളുടെ അഭിപ്രായം ചോദിക്കുന്നില്ല. വ്യാപാരികളുടെ അഭിപ്രായം ചോദിക്കുകയാണെങ്കിൽ ചില പരാതികൾ നിസ്സാരമായി തന്നെ പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഴ്ചയിൽ ഒരുദിവസം തുറക്കുമ്പോൾ ഏഴുദിവസവും വരേണ്ട ആളുകൾ ഒരുദിവസം തന്നെ വരികയാണ്. ഏഴുദിവസങ്ങളിലായി വരേണ്ട ആളുകൾ ഒരുദിവസം വരുമ്പോൾ അവിടെ തിരക്കുണ്ടാവുകയും കോവിഡ് മാനദണ്ഡം പാലിക്കാനാകാനാകാതെ വരികയും ചെയ്യുമെന്നും മമ്മദ് കോയ പറഞ്ഞു.

സെക്രട്ടേറിയേറ്റിനു മുന്നിലും കളക്ടറേറ്റുകൾക്ക് മുന്നിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുൻപിലും ഇന്ന് വ്യാപാരി വ്യവസായി സമിതി പ്രതിഷേധം സംഘടിപ്പിക്കുകയാണ്.

Exit mobile version