ഉത്രയെ കടിച്ച പാമ്പിനെ കൈമാറിയ സുരേഷിനെ മാപ്പ് സാക്ഷിയാക്കാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ; താൻ കൊടുത്തതു കൊണ്ടല്ലേ സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് സുരേഷ്

sooraj-and-uthra-

കൊല്ലം: ഉത്രയെ വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗത്തിന്റെ എതിർവിസ്താരം തുടരുന്നു. പാമ്പിനെ നൽകിയ ചാവരുകാവ് സുരേഷിനെ കേസിൽ പ്രതിയാക്കിയത് യാതൊരു മാനദണ്ഡവുമില്ലാതെയാണെന്ന് പ്രതിഭാഗം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി എം മനോജ് മുൻപാകെ വാദിച്ചു. ചാവരുകാവ് സുരേഷ് പാമ്പിനെ നൽകി എന്നല്ലാതെ മറ്റു കുറ്റങ്ങൾ ചെയ്യാത്തതിനാൽ മാപ്പു സാക്ഷിയായി കരുതാൻ കഴിയില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ അജിത് പ്രഭാവിന്റെ വാദം.

എന്നാൽ, ഇതേ കാര്യം പ്രതിഭാഗം ക്രോസ് വിസ്താരത്തിൽ സാക്ഷി സുരേഷിനോട് ചോദിച്ചപ്പോൾ താൻ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നും അതുകൊണ്ടു താനും കുറ്റക്കാരനാണ് എന്നും പറഞ്ഞത് കോടതി ചൂണ്ടികാട്ടി.

ഉത്രയെ 2020 മാർച്ച് 3ന് അണലി കടിച്ചതിന് പ്രത്യേകം എഫ്‌ഐആർ വേണമായിരുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ മറ്റൊരു വാദം. സൂരജ് സുരേഷിനെ കണ്ടു എന്നതും നിരന്തരം സംസാരിച്ചു എന്നതും പ്രോസിക്യൂഷൻ ആരോപിച്ചത് സാക്ഷി മൊഴികളുടെയും മൊബൈൽ ഫോൺ കോൾ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. എന്നാൽ മുൻ മൊഴികളിൽ സുരേഷ് ആ തീയതികൾ പറഞ്ഞിട്ടില്ല.

പരസ്പരം കണ്ടു എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. അതുകൊണ്ടു 2020 ഫെബ്രുവരി 18ന് അവർ ചാത്തന്നൂരിൽ വച്ചു കണ്ടു എന്നു തെളിയുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതികളെ വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയത്.

Exit mobile version