ലക്ഷദ്വീപിന്റെ ഔദ്യോഗികഭാഷ മലയാളമല്ല; കരടു നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കില്ല, ഇംഗ്ലീഷിലായിരിക്കും: എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം

praful-patel

കൊച്ചി: ലക്ഷദ്വീപിൽ പ്രതിഷേധത്തിന് കാരണമായ വിവാദ കരട് നിയമങ്ങൾക്കെതിരെ ഉയർന്ന വിവാദത്തിൽ എതിർവാദങ്ങളുമായി ദ്വീപ് ഭരണകൂടം. എംപി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം. കരടു നിയമങ്ങളും നിയമനിർമ്മാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന് ദ്വീപ് ഭരണകൂടം വാദിക്കുന്നു.

നിയമം നിലവിൽ വന്നാൽ മാത്രമേ കോടതിക്ക് പരിശോധിക്കാനാവൂ എന്നും നിലവിൽ ഹർജി നിലനിൽക്കുന്നതല്ലെന്നും ദ്വീപ് ഭരണകൂടം എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കരടു നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമായിരുന്നു എന്ന വാദം നിലനിൽക്കില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് നിയമം ഇംഗ്ലീഷിലാണ് തയ്യാറാക്കേണ്ടത്.

മലയാളം ദ്വീപിന്റെ ഔദ്യോഗിക ഭാഷയല്ലെന്നും ദ്വീപ് ഭരണകൂടം സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. കൊവിഡ് കാലത്ത് കിറ്റുകൾ നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തേ തന്നെ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും സമാനസ്വഭാവമുള്ള ആവശ്യങ്ങൾ തന്നെയാണ് എംപിയുടെ ഹർജിയിലും പറയുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Exit mobile version