ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല. മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചു കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. കേസിലെ നടപടി ക്രമങ്ങള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് പുതിയ നിയമനം.

ആരോഗ്യവകുപ്പില്‍ കോവിഡ് ഡാറ്റാ മാനേജ്‌മെന്റില്‍ നോഡല്‍ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. സംസ്ഥാന തലത്തില്‍ കോവിഡ് വിവര ശേഖരണം ഏകോപിപ്പിക്കുന്നതിന്റെ നോഡല്‍ ഓഫീസറായാണ് നിയമനം.

മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ രൂപം നല്‍കുന്ന പ്രത്യേക സംഘത്തിന്റെ ഭാഗമായാണ് പുതിയ ചുമതലയെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ പ്രതിയായി സസ്പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു സര്‍വീസില്‍ തിരിച്ചെടുത്തത്.

ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു ഈ നടപടി. തുടര്‍ന്ന് ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം.

പബ്ലിക് ഹെല്‍ത്തില്‍ ഉപരിപഠനം നടത്തിയിട്ടുള്ള ഡോ. ശ്രീറാമിന്റെ സേവനം കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധി ഘട്ടത്തില്‍ ഉപയോഗപ്പെടുത്താമെന്ന വാദമുയര്‍ത്തിയായിരുന്നു ഈ നിയമനം.

Exit mobile version