കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ആത്മഹത്യാശ്രമം; 112ലേക്ക് വിളിച്ച് സഹായം തേടി പെൺകുട്ടി; കാട്ടൂർ പോലീസ് ലൊക്കേഷൻ സഹായത്തോടെ 17കാരനെ രക്ഷിച്ചു

കാട്ടൂർ: കാമുകിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 17 കാരനെ പോലീസിന്റെ സഹായത്തോടെ രക്ഷിച്ചു. ചിറയ്ക്കൽ പാലത്തിൽനിന്ന് പെൺകുട്ടിക്ക് വീഡിയോ കോൾ ചെയ്ത് കൈഞരമ്പ് മുറിച്ച കൗമാരക്കാരനെയാണ് പോലീസ് രക്ഷിച്ചത്.

പെൺകുട്ടിയുടെ സമയോചിതമായ ഇടപെടലാണ് 17കാരന്റെ ജീവൻ രക്ഷിച്ചത്. ആത്മഹത്യാശ്രമമാണെന്ന് മനസിലായ ഉടനെ പെൺകുട്ടി 112ലേക്ക് വിളിച്ച് അറിയിച്ചു. തുടർന്ന് തിരുവനന്തപുരത്തുനിന്ന് കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തി. പോലീസുകാർ ഒട്ടും വൈകാതെ തന്നെ കാമുകനെ തിരക്കിയിറങ്ങി. അവസാനം ലൊക്കേഷൻ സൈറ്റിലൂടെയാണ് പോലീസ് ചിറയ്ക്കൽ പാലത്തിലെത്തിയത്.

കാമുകന്റെ ചില കൂട്ടുകാരും ഇതിനിടയിൽ ചിറയ്ക്കലിൽ എത്തിയിരുന്നു. കൈ മുറിച്ചതുകണ്ട് അവർ പരിഭ്രാന്തരായിരുന്നു. യുവാവിനെ ഉടനെ പോലീസ് കരാഞ്ചിറ ആശുപത്രിയിലെത്തിച്ചു. എന്നാൽ, കൈയിൽ തുന്നലിടാൻ 17 കാരൻ സമ്മതിച്ചില്ല. സംഭവം ഡോക്ടർ പോലീസുകാരെ അറിയിച്ചതോടെ അവർ ആൺകുട്ടിയെ സമാധാനിപ്പിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ശേഷം വീട്ടുകാരെ അറിയിച്ച് 17കാരനെ സുരക്ഷിതമായി കൈമാറിയാണ് പോലീസ് സംഘം സ്റ്റേഷനിലേക്ക് തിരിച്ചത്.

Exit mobile version