‘മലപ്പുറത്തിന്റെ പ്രാണവായു’വിന് സഹായം അഭ്യര്‍ഥിച്ച് കലക്ടര്‍: മലപ്പുറമെന്താ കേരളത്തില്‍ അല്ലേ? എന്ന് സോഷ്യല്‍ലോകം

മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ‘മലപ്പുറത്തിന്റെ പ്രാണവായു’ പദ്ധതിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. പദ്ധതിക്ക് വേണ്ടി പൊതുജനങ്ങളോട് സഹായം തേടിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ സംഭാവന നല്‍കാമെന്നും അക്കൗണ്ട് വിവരങ്ങള്‍ പങ്കുവച്ചുമുള്ള കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനങ്ങള്‍ നിറയുകയാണ്.

മറ്റ് ജില്ലകളില്‍ ഗവ. ഹോസ്പിറ്റലുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ഗവ. സ്വന്തം ഫണ്ട് ഉപയോഗിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം ഗവ. ഹോസ്പിറ്റലുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ മലപ്പുറം ജില്ലയിലെ ജനങ്ങളുടെ അടുത്ത് നിന്ന് തെരുവില്‍ ഭിക്ഷ യാചിച്ചു പിരിക്കുകയാണെന്നാണ് പ്രധാന വിമര്‍ശം.

മലപ്പുറത്തെ ഇങ്ങനെ പിഴിയരുതെന്നും മലപ്പുറമെന്താ കേരളത്തില്‍ അല്ലേയെന്നും ചിലര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് എല്ലാ നാട്ടിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ വാങ്ങാറ്. മലപ്പുറത്ത് മാത്രം കലക്ടര്‍മാര്‍ ജനങ്ങളില്‍ നിന്ന് പിരിവെടുത്താണ് ഉപകരണങ്ങള്‍ വാങ്ങുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version