കരളും വൃക്കകളും ഉൾപ്പടെ ദാനം ചെയ്തു; അഞ്ചുകുടുംബങ്ങൾക്ക് പുതുജീവിതം സമ്മാനിച്ച് പ്രകാശൻ വിടവാങ്ങി; ഗൃഹനാഥന്റെ വിയോഗ ദുഃഖത്തിലും നന്മ വറ്റാതെ ഇന്ദുവും മക്കളും

തിരുവനന്തപുരം: അന്ത്യയാത്രയിൽ അഞ്ചുപേർക്ക് പുതുജീവൻ സമ്മാനിച്ച് പ്രകാശൻ ഇഹലോകവാസം വെടിഞ്ഞു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കരുനാഗപ്പള്ളി പട നോർത്ത് തറയിൽ ഹൗസിൽ പ്രകാശനാണ് (50) അഞ്ചു കുടുംബങ്ങളുടെ തീരാവേദനയുടെ ആഴം കുറച്ചത്. പ്രകാശന്റെ കുടുംബമാണ് അദ്ദേഹത്തിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രകാശനെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

തുടർന്ന് പ്രകാശന്റെ കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് അഞ്ചു രോഗികൾക്ക് ദാനം ചെയ്തത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്.

ഭാര്യ ഇന്ദുവും മക്കളായ പൃഥ്വി ദേവ്, പ്രഥ്യുദ് ദേവ് എന്നിവരും മറ്റു കുടുംബാംഗങ്ങളുമാണ് അഞ്ചുകുടുംബങ്ങൾക്കായി നന്മയേറിയ ഈ തീരുമാനമെടുത്തത്. കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ. മുരളീധരനോട് പ്രകാശന്റെ ബന്ധുക്കളാണ് അവയവദാനത്തിന് സന്നദ്ധരാണ് എന്നറിയിച്ചത്.

കുടുംബാംഗങ്ങളുടെ തീരുമാനം സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന് കൈമാറി. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് മൃതസഞ്ജീവനി സംസ്ഥാന കൺവീനർ കൂടിയായ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സാറ വർഗീസിന്റെയും ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷർമ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോൺ എന്നിവരുടെ പിന്തുണയോടെ അവയവദാന പ്രക്രിയയ്ക്കുള്ള നടപടികൾ പൂർത്തീകരിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രൊഫസർ ഡോ. സതീഷ് കുറുപ്പ്, ഡോ. ഉഷാകുമാരി (അനസ്‌തേഷ്യ), കിംസ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ. രേണു, ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ. ചിത്രാ രാഘവൻ, ഡോ. ഡാലിയ ദിവാകരൻ, ഡോ. സൂസൻ, ഡോ. പി.ആർ.ഇന്ദു, ഡോ. റുക്‌സാന, ഡോ. ഐഷാ നിസാമുദീൻ, ഡോ. ശ്വേത എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി.

Exit mobile version