എപ്പോഴും ടിക്ക് ടോക്ക് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കും, കിരണിന് അത് ഇഷ്ടമായിരുന്നില്ല; വിസ്മയ മൊബൈല്‍ ഫോണിന് അടിമയായിരുന്നുവെന്ന് കിരണിന്റെ പിതാവ്

കൊല്ലം: കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ പ്രതിയായ കിരണ്‍ കുമാറിനെ ന്യായീകരിച്ച് പിതാവ്. വിസ്മയ മൊബൈല്‍ ഫോണിന് അടിമയായിരുന്നുവെന്നും കിരണ്‍ വിലക്കിയിട്ടും മൊബൈല്‍ ഉപയോഗം കുറച്ചില്ലെന്നും കിരണിന്റെ അച്ഛന്‍ പറയുന്നു.

വിസ്മയയും കിരണും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നു കിരണിന്റെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് വിസ്മമയെ കുറ്റപ്പെടുത്തി പിതാവ് രംഗത്തെത്തിയത്. വിസ്മയ മൊബൈല്‍ ഫോണ്‍ ധാരാളം ആയി ഉപയോഗിക്കുമായിരുന്നുവെന്നും അതിന്റെ പേരില്‍ കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട് എന്നുമാണ് അച്ഛന്‍ പറയുന്നത്.

വിസ്മയ എപ്പോഴും ഫോണില്‍ ആയിരുന്നു. ഇത് കിരണ്‍ വിലക്കിയപ്പോള്‍ രണ്ടു പേരും തമ്മില്‍ വഴക്കായി. വിസ്മയ നിരന്തരം ടിക്ക് ടോക്ക് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കുമായിരുന്നു. ഇത് കിരണിനു ഇഷ്ടമായിരുന്നില്ല. അതിന്റെ പേരില്‍ ആണ് വിലക്കിയതെന്നും ഇതോടെ വഴക്കായി എന്നും ഇയാള്‍ പറയുന്നു.

അതേസമയം, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റി. ബി.എ.ആളൂരാണ് കിരണിനുവേണ്ടി വാദിക്കാനെത്തിയത്. കിരണ്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വിസ്മയയുടെ മരണത്തില്‍ കിരണിനു പങ്കില്ലെന്ന കുടുംബത്തിന്റെ വാദം തന്നെയാണ് ജാമ്യഹര്‍ജിയിലും പറഞ്ഞിരിക്കുന്നത്.

Exit mobile version