മുലപ്പാലിന്റെ മാധുര്യം നുണഞ്ഞ് കൊതിതീരും മുമ്പേ അമ്മ പോയി, പിന്നാലെ മുത്തച്ഛനും; കുഞ്ഞുസഞ്ജനയ്ക്ക് ഇന്ന് തുണയായി രോഗിയായ മുത്തശ്ശി മാത്രം

ആലപ്പുഴ: മുലപ്പാലിന്റെ മാധുര്യം നുണഞ്ഞ് കൊതിതീരും മുമ്പേ അമ്മയെ കോവിഡ് തട്ടിയെടുത്തതോടെ കുഞ്ഞ് സഞ്ജനയ്ക്ക് ആകെ തുണയായി ഉള്ളത് ഇപ്പോള്‍ മുത്തശ്ശി വത്സല മാത്രമാണ്. അമ്മയെയും മുത്തച്ഛനെയും നഷ്ടപ്പെട്ട ഒന്‍പതുമാസം പ്രായമുള്ള സഞ്ജനയെ ഇപ്പോള്‍ പരിപാലിക്കുന്നത് രോഗങ്ങള്‍ ഏറെ വലയ്ക്കുന്ന ആ മുത്തശ്ശിയാണ്.

കഴിഞ്ഞ അഞ്ചിനാണ് വത്സലയുടെ മകള്‍ ജയന്തിയുടെ ജീവന്‍ കോവിഡ് കവര്‍ന്നത്. ഒരാഴ്ചയ്ക്കുശേഷം വത്സലയുടെ ഭര്‍ത്താവ് ജയന്തനും മരിച്ചു. എടത്വ തലവടിയില്‍ സ്വന്തമായി ഉണ്ടായിരുന്ന വീട് മകള്‍ ജയന്തിയുടെ വിവാഹം നടത്തുന്നതിനായി വിറ്റിരുന്നു.

പിന്നീട് വാടകവീട്ടിലായിരുന്നു വത്സലയും കുടുംബവും താമസം. കുഞ്ഞുമായി ഇവര്‍ക്കൊപ്പമായിരുന്നു മകള്‍ ജയന്തിയും താമസിച്ചിരുന്നത്. മരപ്പണിക്കരനായ ജയന്തന്റെ വരുമാനത്തിലാണ് കുടുബം കഴിഞ്ഞിരുന്നത്. മകളും ഭര്‍ത്താവും പോയതോടെ വല്‍സലയും മകളുടെ കുഞ്ഞും മകന്‍ ജയകൃഷ്ണനും ഇപ്പോള്‍ കഴിയുന്നത് ആലപ്പുഴ പുറക്കാട് എസ്എന്‍എം സ്‌കൂളിന് സമീപം താമിസിക്കുന്ന സഹോദരന്‍ ജയപ്പന്റെ വീട്ടിലാണ്.

ഉറ്റവരെ നഷ്ടപ്പെട്ട വത്സലയ്ക്ക് ഇതുവരെ സഹായങ്ങളൊന്നും കിട്ടിയിട്ടില്ല. വല്‌സലയ്ക്കും കോവിഡ് പിടിപെട്ടിരുന്നു, രോഗം ഭേദമായതോടെ നേരത്തെയുണ്ടായിരുന്ന ശ്വാസം മുട്ടല്‍ കൂടി. മകളുടെ കുഞ്ഞിന്റെ ചിലവുകളും ബിരുദവിദ്യാര്‍ഥിയായ മകന്റെ പഠനവും എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്ന ആശങ്കയിലാണ് വത്സല.

Exit mobile version