മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളി അധ്യാപകന്റേത്; മാനസിക സമ്മർദ്ദം ജീവൻ കവർന്നതെന്ന് സംശയം;11 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

ചെന്നൈ: മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളി അധ്യാപകന്റേത് എന്ന് തിരിച്ചറിഞ്ഞു. ഐഐടിയിലെ പ്രോജക്ട് കോ ഓഡിനേറ്ററും ഗസ്റ്റ് അധ്യപകനുമായ എറണാകുളം സ്വദേശി ഉണ്ണിക്കൃഷ്ണൻ നായരാാണ് മരിച്ചത്. ഇദ്ദേഹം താമസിച്ച സ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 11 പേജുള്ള ആത്മഹത്യക്കുറിപ്പാണ് കണ്ടെത്തിയതെന്ന് കോട്ടൂർപുരം പോലീസ് വ്യക്തമാക്കി.

മാനസിക സമ്മർദ്ദത്തെ തുടർന്ന് ഉണ്ണികൃഷ്ണൻ ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. എന്നാൽ ആരുടെയും പേര് ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്നില്ല. കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത് ഐഐടിയിൽ ആശങ്ക പടർത്തിയിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐഐടി ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർഥികൾ മൃതദേഹം കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് ഒരു കുപ്പിയും കണ്ടെത്തി. ഇതിൽ പെട്രോൾ ആയിരുന്നുവെന്ന് കരുതുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടൂർപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version