ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടതെന്നും, കൃത്യമായ അന്വേഷണം നടന്ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും നിരീക്ഷിച്ചാണ് കോടതി വിധി.

കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടതെന്നും, കൃത്യമായ അന്വേഷണം നടന്ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും നിരീക്ഷിച്ചാണ് കോടതി വിധി.

‘ കീഴ്ക്കോടതിയില്‍ വിചാരണയ്ക്കായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കുറ്റമറ്റ അന്വേഷണമാണ് ഈ വിഷയത്തില്‍ നടന്നത്. ശാസ്ത്രീയമായ തെളിവുകളുടെയടക്കം അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു’

നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നും ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദീലീപ് നല്‍കിയ ഹരജിയില്‍ പറയുന്നത്. നേരത്തെ ഈ ആവശ്യമുന്നയിച്ച് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് അനുകൂല സമീപനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. തൃശ്ശൂരിലെ ഷൂട്ടിങ് ലോക്കേഷനില്‍ നിന്നും കൊച്ചിയിലേക്ക് പോകവേ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്.

Exit mobile version