കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്നുള്ള വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലുള്ള കിരൺകുമാറിന് രക്ഷപ്പെടാനാകാത്ത വിധം പൂട്ടാനൊരുങ്ങി അന്വേഷണ സംഘം. കിരണിനെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതത് വിധത്തിൽ അന്വേഷണം കൃത്യമായി നടത്തണമെന്നാണ് അന്വേഷണ സംഘത്തിന് ഐജിയുടെ നിർദ്ദേശം.
90 ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമർപ്പിക്കാൻ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. പുറത്തിറങ്ങിയാൽ ഇപ്പോൾ സസ്‌പെൻഷനിലുള്ള കിരൺ കുമാർ തിരികെ ജോലിയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. ഇത് തടയുകയാണ് പോലീസിന്റെ നീക്കം.
തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങിയ കിരൺ കുമാറിനെ ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിൽ ഓഫീസിൽ കൊണ്ടു വന്ന് ചോദ്യം ചെയ്തു. കിഴക്കേ കല്ലട രണ്ടു റോഡിനു സമീപത്തെ ഹോംഗാർഡിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വിവാഹശേഷം രണ്ടുമാസത്തിനകം വിസ്മയയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ കിരണും വിസ്മയയും തമ്മിൽ കാറിൽ വെച്ച് വഴക്കിടുകയും കിരൺ മർദ്ദിക്കാൻ ശ്രമിച്ചതിനെതുടർന്ന് വിസ്മയ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും ചെയ്തിരുന്നു. ഈ സംഭവത്തെ സംബന്ധിച്ചാണ് പോലീസ് പ്രതിയെ ഈ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്.