സ്പീക്കറുടെ പിഎ ചമഞ്ഞ് പണം തട്ടിയ സംഭവം; പ്രതി പ്രവീണിനെ തൃശ്ശൂരിലെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടി, പലരും ഇരകള്‍, പരാതിപ്പെടാതിരുന്നത് നഷ്ടപ്പെട്ടത് ചെറിയ തുകയായതിനാല്‍

Speaker MB Rajesh | Bignewslive

കോട്ടയം: സ്പീക്കര്‍ എംബി രാജേഷിന്റെ പിഎ ചമഞ്ഞ് പണം തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനാണ് പിടിയിലായത്. തൃശ്ശൂരിലെ ഫ്‌ളാറ്റില്‍ നിന്ന് കോട്ടയം ഗാന്ധിനഗര്‍ പോലീസ് ആണ് നാടകീയമായ പ്രവീണിനെ കീഴ്‌പ്പെടുത്തിയത്.

ഇയാള്‍ നേരത്തെയും സമാനതട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ യുവതി തട്ടിപ്പിനെക്കുറിച്ച് സ്പീക്കറെ വിളിച്ചറിയിച്ചത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സ്പീക്കറുടെ പി.എ. ചമഞ്ഞ് ജല അതോറിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ തട്ടിയെന്ന് യുവതി പറയുന്നു.

സ്പീക്കര്‍ തന്നെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഇത്തരം തട്ടിപ്പിനെക്കുറിച്ച് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഡിജിപി.യുടെ നിര്‍ദേശാനുസരണമാണ് ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതിയെ തൃശ്ശൂരിലെ ഫ്‌ളാറ്റില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

മുണ്ടക്കയത്തും ഇയാള്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. നഷ്ടപ്പെട്ടത് ചെറിയ തുകയായതിനാല്‍ പലരും പരാതിപ്പെടാതിരുന്നതാണ് നാളിത്രയും പ്രവീണ്‍ വിലസി നടന്നത്. 2019-ല്‍ തിരുവനന്തപുരത്ത് ജോലി തട്ടിപ്പ് നടത്തിയതിനും പ്രവീണ്‍ അറസ്റ്റിലായിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സമാന രീതിയില്‍ മറ്റൊരു തട്ടിപ്പ് കൂടി നടത്തിയത്.

Exit mobile version